മഞ്ചേരി: മഴ കനത്തതോടെമേലാക്കം ജങ്ഷനിലും രാജീവ്ഗാന്ധി ബൈപ്പാസിലും റോഡുകള്‍ വെള്ളത്തിനടിയിലായി. ടൗണില്‍ പലേടത്തും ഓടകളില്‍ നിന്നുള്ള മാലിന്യത്തോടൊപ്പം പാഴ്ജലം പരന്നൊഴുകി. വാഹനങ്ങളും കാല്‍നടക്കാരും വിദ്യാര്‍ത്ഥികളും ഏറെ ദുരിതമനുഭവിച്ചു. മണ്ണും മാലിന്യങ്ങളുമടിഞ്ഞ ഓടകള്‍ വൃത്തിയാക്കാത്തതാണ് പെട്ടെന്നുള്ള ജലപ്രളയത്തിന് കാരണം. മഞ്ചേരി-നിലമ്പൂര്‍ റോഡില്‍ നെല്ലിപ്പറമ്പിനടുത്ത് റോഡ് വെള്ളത്തില്‍ മുങ്ങി. മേലാക്കം മുതല്‍ നെല്ലിപ്പറമ്പ് ജങ്ഷന്‍ വരെ റോഡ് ഉയര്‍ത്തി ടാര്‍ ചെയ്യണമെന്ന നിര്‍ദേശം അവഗണിച്ചതാണ് കാരണം.
സമീപത്തെ കടകളെക്കാളും താഴ്ചയില്‍ സ്ഥിതിചെയ്യുന്ന റോഡില്‍ മഴക്കാലത്ത് വെള്ളം കയറുക പതിവാണ്. എന്നാല്‍ പൊതുമരാമത്ത് അധികൃതര്‍ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചില്ല. പലേടത്തും ഓട്ടോറിക്ഷയും ബൈക്കുമുള്‍പ്പെടെയുള്ള ചെറുകിട വാഹനങ്ങളുടെ യാത്ര തടസ്സപ്പെട്ടു. അതേസമയം ഓടകള്‍ വൃത്തിയാക്കുന്നതിനും വെള്ളമൊഴുകുന്നതിനുള്ള തടസ്സങ്ങള്‍ നീക്കുന്നതിനും നഗരസഭ കാലതാമസം വരുത്തിയതായും ആക്ഷേപമുണ്ട്. ചിലയിടങ്ങളില്‍ ഓടകളില്‍നിന്ന് നീക്കിയ മണ്ണ് റോഡില്‍തന്നെ കിടക്കുകയും ചെയ്തു.