ഓണവിപണിയില്‍ 'മേള'കളുടെ മേളം



കാരക്കുന്ന്: മഴപെയ്ത് കുതിര്‍ന്ന അത്തം നാളില്‍ എല്ലാവരും ഒരു പഴഞ്ചൊല്ല് ഓര്‍ത്തുപറഞ്ഞിരുന്നു- 'അത്തം കറുത്താല്‍ ഓണം വെളുക്കുമെന്ന്'. മഴ പതിയെ മറഞ്ഞ് പൊന്‍വെയില്‍തിളക്കം തിരനോട്ടം നടത്തുന്ന പൂരാടവും കടന്ന് നാളെ ഉത്രാടം...
ഓണം മുറുകുമ്പോള്‍ എല്ലാ ഉത്സവമേളവും വിപണിയിലാണ്. കുടുംബശ്രീ, ഐ.ആര്‍.ഡി.പി മേളകള്‍ മഞ്ചേരിയിലും കാരക്കുന്നിലെ ചില ഭാഗത്തും തിരക്കോടെ തുടരുന്നു. നാടന്‍ ഉത്പന്നങ്ങളുടെ വൈവിധ്യം ഇവയിലെല്ലാം പ്രകടം. ഓണസദ്യയിലെ മേമ്പൊടി വിഭവങ്ങളായ വറുത്ത കായ, ശര്‍ക്കര ഉപ്പേരി, വിവിധതരം അച്ചാറുകള്‍, പാലട ഉണ്ടാക്കാനുള്ള 'റെഡിമെയ്ഡ് അട' എന്നിവയിലാണ് സാധാരണക്കാര്‍ കൂടുതലും കണ്ണുവെക്കുന്നത്.
പച്ചക്കറിച്ചന്തകള്‍ ധാരാളമുണ്ട്. അതില്‍ ചിലയിടത്തെ പ്രധാന ആകര്‍ഷണം ജൈവ പച്ചക്കറികളാണ്. രാസവളം ചേര്‍ക്കാതെ വിളയിച്ചതെന്ന് അവകാശപ്പെടുന്ന ഇവയ്ക്ക് പക്ഷേ വില അല്പം കൂടുതലാണ്. 'സാമ്പാര്‍ക്കൂട്ട്' എന്ന ഓമനപ്പേരുള്ള മുരിങ്ങയ്ക്ക, വെണ്ടയ്ക്ക, ഉരുളക്കിഴങ്ങ് എന്നിവയ്ക്ക് വില കൂടുതലാണ്. നേന്ത്രപ്പഴത്തിനാവട്ടെ ഓഹരിവിപണിയിലേതുപോലെ ദിനംപ്രതി ചെറിയ വില വ്യത്യാസങ്ങളുണ്ട്. 35 രൂപ മുതല്‍ 36 രൂപ വരെ ഒരു കിലോയ്ക്ക് കൊടുക്കണം. 'രസകദളി'ക്കാണ് ഏറ്റവും കൂടിയ വില- 60 രൂപ.
പൂവിപണിയും തിരുവോണമടുത്തതോടെ തിരക്കിലാണ്. വിവിധ സംഘടനകളുടെ പൂക്കളമത്സരങ്ങള്‍ സക്രിയമായതോടെ പൂവിന് തീപിടിച്ച വിലയാണ്. ഏറ്റവും സാധാരണയായി വിപണിയിലെത്തുന്ന മല്ലികപ്പൂവിന് കിലോയ്ക്ക് 140 രൂപയാണ്. മഞ്ഞ മല്ലികയ്ക്ക് 200, വാടാമല്ലിക്ക് 160, മഞ്ഞ ജമന്തിക്ക് 200, അരളിക്ക് 220, റോസിന് 240 എന്നിങ്ങനെയാണ് വില. വെള്ള ജമന്തിക്കാണ് ഏറ്റവും വിലയുള്ളത്; 380 രൂപ. താമര ഒരെണ്ണത്തിന് എട്ടുരൂപയാണ് വില.
ഓണസദ്യ വീട്ടില്‍ ഒരുക്കാന്‍ നേരവും കാലവുമില്ലാത്തവര്‍ക്കായി ഇത്തവണയും പ്രമുഖ ടൗണുകളിലെ ഹോട്ടലുകളില്‍ 'റെഡിമെയ്ഡ് സദ്യ' തയ്യാറാണ്. വിഭവങ്ങളുടെ റെയ്ഞ്ച് അനുസരിച്ച് 150 രൂപ മുതല്‍ 350 രൂപ വരെ വിലയുണ്ട് ഒരു 'ഇല'യ്ക്ക്. മൂന്നുകൂട്ടം പായസമുള്ള സദ്യയും ഉണ്ട്.
പായസം ഉണ്ടാക്കാന്‍ ആയാസമുണ്ടെങ്കില്‍ മടിക്കേണ്ട, പാലടപ്പായസവും പഴം പായസവും മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്താല്‍ ലഭിക്കും. 110 രൂപയാണ് ഒരു ലിറ്ററിന്റെ ശരാശരി വില.
ഏറ്റവും സക്രിയമായ മറ്റൊരു വിപണി 'ഇലക്‌ട്രോണിക്‌സ്' ഉത്പന്നങ്ങളുടേതാണ്. 'ഹോം തിയേറ്റര്‍' മുതല്‍ എല്ലാ ഉപകരണങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറെയുണ്ടെന്ന് കച്ചവടക്കാര്‍ പറയുന്നു. ഫ്രിഡ്ജിനാണ് ഏറ്റവും കൂടുതല്‍ വില്പനയുള്ളത്. മിക്ക കടകളിലും 'എക്‌സ്‌ചേഞ്ച്' വില്പനയും നടക്കുന്നുണ്ട്.
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top