
മഞ്ചേരി: 'നിങ്ങള്‍ ഭാഗ്യവാന്‍മാരാണ്' മെഡിക്കല്‍ കോളേജിനുള്ള സ്ഥലലഭ്യത വിലയിരുത്താന്‍ എത്തിയ ഡോ. പി.ജി.ആര്‍. പിള്ള ജനറല്‍ ആസ്പത്രിയിലെ സൗകര്യങ്ങളെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്. മെഡിക്കല്‍കോളേജിനായി പരിഗണനയ്ക്ക് വന്ന സ്ഥലങ്ങള്‍ സാധ്യതാപഠനത്തിനായി സര്‍ക്കാര്‍ നിയോഗിച്ച സ്‌പെഷല്‍ ഓഫീസര്‍ ഡോ. പി.ജി.ആര്‍. പിള്ള കിറ്റ്‌കോ പ്രതിനിധികള്‍ക്കൊപ്പമാണ് ചൊവ്വാഴ്ച ആസ്പത്രി സന്ദര്‍ശിച്ചത്. നിലവിലെ സൗകര്യങ്ങളില്‍ സംഘം തൃപ്തി രേഖപ്പെടുത്തി. ജനറല്‍ ആസ്പത്രി, നിര്‍ദിഷ്ട സ്ത്രീകളുടെയും കുട്ടികളുടെയും ആസ്പത്രി, പഴയ ഡി.എം.ഒ ഓഫീസ് സ്ഥിതിചെയ്തിരുന്ന ഗ്രാമവികസന വകുപ്പിന്റെ സ്ഥലം എന്നിവയാണ് സംഘം കണ്ടുപരിശോധിച്ചത്. 500 കിടക്കകളാണ് ആദ്യഘട്ടത്തില്‍ മെഡിക്കല്‍ കോളേജ് സംവിധാനത്തിന് ആവശ്യമായി വരുന്നത്.
മെഡിസിനും മെഡിക്കല്‍ സ്‌പെഷാലിറ്റിക്കുമായി 220 കിടക്കകളും ശസ്ത്രക്രിയയ്ക്കും ശസ്ത്രക്രിയാ സ്‌പെഷാലിറ്റിക്കുമായി 220 കിടക്കകളും ഗൈനക്കോളജിക്കായി 60 കിടക്കകളുമാണ് തുടക്കത്തില്‍.
ലക്ചറര്‍ ഹാള്‍, കോണ്‍ഫറന്‍സ് ഹാള്‍, മെഡിക്കല്‍ ലബോറട്ടറി, ലൈബ്രറി, ലാബ് തുടങ്ങിയവയടക്കമുള്ള നോണ്‍ക്ലിനിക്കല്‍ വിഭാഗം തുടങ്ങാന്‍ പരിഗണിക്കുന്നത് നിര്‍ദിഷ്ട സ്ത്രീകളുടെയും കുട്ടികളുടെയും ആസ്പത്രി കെട്ടിടമാണ്. പി.ഡബ്ല്യു.ഡി റസ്റ്റ്ഹൗസ്, ഗ്രാമവികസന വകുപ്പിന്റെ കെട്ടിടം, ഇവ ഹോസ്റ്റല്‍, ക്വാര്‍ട്ടേഴ്‌സ് സംവിധാനത്തിനായി ഉപയോഗിക്കും. പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റും. ജനറല്‍ ആസ്പത്രി പുതിയ കെട്ടിടത്തിലെ പണി പൂര്‍ത്തിയാകാത്ത നിലകളും മെഡിക്കല്‍ കോളേജിനായി ഉപയോഗിക്കും. നിലവിലെ സൗകര്യങ്ങള്‍ പുനഃക്രമീകരിക്കും.
മെഡിക്കല്‍ കോളേജിനായുള്ള പ്രോജക്ട് കിറ്റ്‌കോ തയ്യാറാക്കും. സ്ഥലലഭ്യത സംബന്ധിച്ചുള്ള പരിശോധനാ റിപ്പോര്‍ട്ട് സംഘം അടുത്തയാഴ്ചയോടെ സര്‍ക്കാറിന് സമര്‍പ്പിക്കും. ജൂലായ് 30നകം മെഡിക്കല്‍ കോളേജിനായുള്ള അപേക്ഷ മെഡിക്കല്‍ കൗണ്‍സിലിന് സമര്‍പ്പിക്കണം.
മഞ്ചേരി, ഇടുക്കി ഒഴികെയുള്ള സ്ഥലങ്ങളില്‍ മെഡിക്കല്‍ കോളേജിനായി കെട്ടിട സൗകര്യം പുതിയതായി ഒരുക്കേണ്ടതുണ്ട്.
സ്ഥലം ഉള്‍പ്പെടെ 300 കോടിയുടെ നിക്ഷേപമാണ് ഒരു മെഡിക്കല്‍കോളേജിന് ചെലവ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ മഞ്ചേരിയില്‍ സ്ഥലവും കെട്ടിടങ്ങളില്‍ കൂടുതലും നിലവിലുള്ളത് ഉപയോഗിക്കുന്നതിനാല്‍ മറ്റുള്ള ജില്ലകളെ അപേക്ഷിച്ച് ചെലവ് കുറയും.
നൂറുസീറ്റാണ് മെഡിക്കല്‍ കോളേജില്‍ ഉള്ളത്. 26ശതമാനം സര്‍ക്കാറിനും 25 ശതമാനം സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങള്‍ക്കും 49 ശതമാനം സ്വകാര്യ പങ്കാളിത്തവുമായിരിക്കുമെന്നാണ് സൂചന.
മെഡിക്കല്‍ കോളേജ് സ്ഥലലഭ്യത സംബന്ധിച്ച് പരിശോധിക്കാനെത്തിയ സംഘത്തിന് ജില്ലാകളക്ടര്‍ എം.സി. മോഹന്‍ദാസ്, അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. രേണുക, ആസ്പത്രി സൂപ്രണ്ട് ഡോ. എ.പി. പാര്‍വതി, നിര്‍മാണ്‍ മുഹമ്മദലി തുടങ്ങിയവര്‍ കാര്യങ്ങള്‍ വിശദമാക്കിക്കൊടുത്തു.
കിറ്റ്‌കോ സംഘത്തില്‍ ആര്‍ക്കിടെക്ട് കൃഷ്ണചന്ദ്രന്‍, സാമ്പത്തിക കാര്യവിഭാഗം മേധാവി സുരേഷ് ജേക്കബ്, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ജിനു ഐസക്ക്, സുരേഷ്‌കുമാര്‍ എന്നിവരുമുണ്ടായിരുന്നു.