

കാരക്കുന്ന്: ഷാപ്പിന്‍കുന്നില്‍ കൊലക്കേസിലെ പ്രതികളെ ആക്രമിക്കുകയും വെട്ടിപ്പരിക്കേല്പിക്കുകയും ചെയ്ത സംഭവത്തിന് പിന്നില്‍ പ്രതികാരമെന്ന് സൂചന.
2008ലായിരുന്നു കേസിനാസ്പദ സംഭവം. വണ്ടൂര്‍ തായംകോട് വട്ടക്കളരി ചലഞ്ച് ക്ലബ്ബ് സംഘടിപ്പിച്ച ഫുട്‌ബോള്‍ മേളയിലാണ് കൊലപാതകത്തില്‍ കലാശിച്ച സംഘര്‍ഷം നടന്നത്. മരിച്ച ഷാപ്പിന്‍കുന്ന് സ്വദേശിയായ പുലത്ത് പാറേങ്ങല്‍ അബ്ദുന്നാസര്‍ പുലത്ത് ട്രാക്ക് ഫോഴ്‌സ് ടീമിലെ കളിക്കാരനായാണ് ആദ്യം ഗ്രൗണ്ടിലെത്തിയത്. കാസ്‌കൊ കാട്ടുമുണ്ടയായിരുന്നു എതിര്‍ടീം. കളിക്കിടയില്‍ റഫറി കാട്ടുമുണ്ട ടീമിന് അനുകൂലമായി വിസിലൂതി എന്ന ആരോപണത്തിലാണ് പ്രശ്‌നം തുടങ്ങിയത്. വാക്കേറ്റം അടിപിടിയിലെത്തി. ഇരുടീമുകള്‍ തമ്മിലുള്ള സംഘര്‍ഷം രണ്ട് പ്രദേശത്തെയും പല ആളുകളും ഏറ്റുപിടിച്ചു. പോലീസെത്തി പ്രശ്‌നത്തിന് താത്കാലിക പരിഹാരം കണ്ടു. രണ്ട് ദിവസത്തിനുശേഷം ഇതേ ടീമുകള്‍ തമ്മില്‍ വീണ്ടും നടന്ന മത്സരത്തിലും സംഘര്‍ഷമുണ്ടായി. രക്ഷപ്പെടാന്‍ ഓടിയ അബ്ദുന്നാസറിനെ വളഞ്ഞിട്ട് മര്‍ദിച്ചു. തലയ്ക്ക് പരിക്കേറ്റ് കിടന്ന നാസറിനെ ആസ്പത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരിച്ചു. പകരം വീട്ടാന്‍ മുമ്പും ശ്രമങ്ങള്‍ നടന്നിരുന്നു. 2010ല്‍ എറിയാട് ഫയാസിന്റെ ബൈക്ക് ജീപ്പിലെത്തിയ സംഘം തടഞ്ഞിരുന്നു. അന്ന് ഫയാസ് ഓടിരക്ഷപ്പെട്ടു. ഇതില്‍ അബ്ദുന്നാസറിന്റെ ബന്ധുക്കള്‍ക്കെതിരെ കേസുണ്ടെന്ന് കേസന്വേഷിക്കുന്ന വണ്ടൂര്‍ സി.ഐ മൂസ വള്ളിക്കാടന്‍ പറഞ്ഞു.