കൈ വെട്ടിമാറ്റിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍


കാരകുന്ന് : പുലത്ത് പാറേങ്ങല്‍ അബ്ദു ന്നാസര്‍ വധക്കേസ് പ്രതികളേ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

തിരുവാലി തായംകോട് പുലിക്കോട്ടില്‍ ഫയാസ്, കുട്ടശ്ശേരി സാജിദ് എന്നിവരെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ കാരകുന്ന് പുലത്ത് വാറേങ്ങല്‍ സിറാജുദ്ദീ(28)നെയാണ് വണ്ടൂര്‍ സി.ഐ മൂസ വള്ളിക്കാടന്റെ നേതൃത്വത്തില്‍ മഞ്ചേരിയില്‍ സ്വകാര്യ ആസ്​പത്രിയില്‍ അറസ്റ്റുചെയ്തത്. വാഹനാപകടത്തില്‍ തോളെല്ലിന് പരിക്കേറ്റ നിലയില്‍ ആസ്​പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്ന ഇയാള്‍ കൊല്ലപ്പെട്ട അബ്ദുന്നാസറിന്റെ ജ്യേഷ്ഠന്റെ മകനാണ്.

സംഭവത്തില്‍ ഉള്‍പ്പെട്ടുവെന്ന് കരുതുന്ന പുലത്ത് ഷാപ്പുംകുന്ന് സ്വദേശികളായ വാറേങ്ങല്‍ ഖാലിദ്, സുനീര്‍, ഉമ്മര്‍ എന്നിവരെ പോലീസ് തിരയുന്നുണ്ട്.

വെള്ളിയാഴ്ച രാവിലെയാണ് മഞ്ചേരി കോടതിയില്‍ ഹാജരാകാനായി പുറപ്പെട്ട ഫയാസും സാജിദും കാരകുന്ന് ഷാപ്പിന്‍കുന്ന് പഴേടത്ത് റോഡില്‍ ആക്രമിക്കപ്പെട്ടത്. ജീപ്പിലും ബൈക്കിലുമായെത്തിയ സംഘം വടിവാളുകൊണ്ട് ഇവരെ വെട്ടിവീഴ്ത്തുകയായിരുന്നു. 2008 ഫിബ്രവരി എട്ടിന് തായംകോട്ട് നടന്ന സെവന്‍സ് ഫുട്ബാള്‍ മത്സരത്തിനെ തുടര്‍ന്നുണ്ടായ സംഘട്ടനത്തില്‍ പുലത്ത് പാറേങ്ങല്‍ അബ്ദുന്നാസര്‍ തലയ്ക്കടിയേറ്റ് മരിച്ച സംഭവത്തില്‍ യഥാക്രമം ഒന്നും പന്ത്രണ്ടും പ്രതികളാണിവര്‍.

ആസ്​പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സിറാജുദ്ദീനില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടില്ല. ബൈക്കപകടത്തില്‍ പരിക്കേറ്റുവെന്ന് പറഞ്ഞാണ് ഇയാള്‍ ആസ്​പത്രിയില്‍ പ്രവേശിക്കപ്പെട്ടത്. മജിസ്‌ട്രേറ്റ് ഗോഷ്വ ആസ്​പത്രിയിലെത്തി ഇയാളെ 31 വരെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. തോളിന്റെ പരിക്ക് സാരമുള്ളതായതിനാല്‍ കുറച്ച് ദിവസം കൂടി ഇയാള്‍ ആസ്​പത്രിയില്‍ കഴിയേണ്ടിവരുമെന്നാണ് ആസ്​പത്രി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top