
മഞ്ചേരി: ജനറല്‍ ആസ്‌പത്രിക്ക് ദേശീയ അംഗീകാരത്തിനായി ഇനിയും പാലിക്കേണ്ടത് 64 നിര്‍ദേശങ്ങള്‍. നാഷണല്‍ അക്രഡിറ്റഡ് ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് (എന്‍.എ.ബി.എച്ച്) അംഗീകാരത്തിനായുള്ള ഒരുക്കങ്ങള്‍ വിലയിരുത്താന്‍ എത്തിയ വിദഗ്ധ സംഘമാണ് ആസ്പത്രി അധികൃതര്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്.
പഴയ കെട്ടിട നവീകരണം, അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തല്‍, നിലവിലെ സ്റ്റാഫ് പാറ്റേണ്‍ പുനഃക്രമീകരിക്കല്‍ എന്നിവ അടങ്ങുന്നതാണ് നിര്‍ദേശങ്ങള്‍. പ്രാഥമിക വിലയിരുത്തലാണ് ഇപ്പോള്‍ നടന്നത്. രണ്ടുവര്‍ഷം മുമ്പുതന്നെ എന്‍.എ.ബി.എച്ച് അംഗീകാരത്തിനായുള്ള മാനദണ്ഡങ്ങള്‍ ആസ്പത്രി അധികൃതര്‍ക്ക് ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ നല്‍കിയിരുന്നു. നിലവില്‍ എറണാകുളം ജനറല്‍ ആസ്‌പത്രിക്ക് മാത്രമാണ് സര്‍ക്കാര്‍മേഖലയില്‍ ഈ അംഗീകാരം ഉള്ളത്. കോഴിക്കോട് സ്ത്രീകളുടെയും കുട്ടികളുടെയും ആസ്പത്രി, ചേര്‍ത്തല താലൂക്ക് ആസ്പത്രി എന്നിവ ദേശീയ അംഗീകാരത്തിനായി അവസാനവട്ട തയ്യാറെടുപ്പിലാണ്. അംഗീകാരം ലഭിക്കുകയാണെങ്കില്‍ ആസ്‌പത്രിക്ക് കൂടുതല്‍ ഫണ്ട് ലഭ്യമാകും.
ആസ്പത്രിയിലെത്തിയ എന്‍.എ.ബി.എച്ച് വിലയിരുത്തല്‍ സംഘം ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, രോഗികള്‍ എന്നിവരില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചു. രണ്ടുദിവസമായിട്ടാണ് സംഘം പരിശോധന നടത്തിയത്.
എന്‍.എ.ബി.എച്ച് സൂപ്രണ്ടിങ് അസ്സസ്സര്‍ ഡോ. ചാണ്ടി എബ്രഹാം, ഡോ. മാധവി, ഡോ. ബിനാമ്മ കുര്യന്‍ എന്നിവരാണ് എത്തിയത്. ജില്ലാ കളക്ടര്‍ എം.സി. മോഹന്‍ദാസ്, അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ തുടങ്ങിയവര്‍ സംഘത്തെ അനുഗമിച്ചു.