തൃക്കലങ്ങോട് ഉള്‍പ്പെടെ നാല് പഞ്ചായത്തുകള്‍ക്കായി 23 കോടിയുടെ കുടിവെള്ളപദ്ധതി

തൃക്കലങ്ങോട് : എടവണ്ണ, തിരുവാലി, വണ്ടൂര്‍, തൃക്കലങ്ങോട് പഞ്ചായത്തുകള്‍ക്കായി 23 കോടിയുടെ കുടിവെള്ളപദ്ധതിക്ക് നിര്‍ദേശം. ഉദ്യോഗസ്ഥരും പഞ്ചായത്തുകളിലെ ജനപ്രതിനിധികളും മന്ത്രി എ.പി. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

യോഗത്തില്‍ തിരുവാലി പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ജയദേവ്, തൃക്കലങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് മൈമൂന, വണ്ടൂര്‍ പഞ്ചായത്ത് വൈസ്​പ്രസിഡന്റ് ഷൈജല്‍ എടപ്പറ്റ, എടവണ്ണ പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ എ. അഹമ്മദ്കുട്ടി എന്നിവരും ജലവിഭവവകുപ്പ് ചീഫ് എന്‍ജിനിയര്‍, എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍, അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ തുടങ്ങിയവരും പങ്കെടുത്തു.

ചാലിയാറില്‍ എടവണ്ണ ആര്യന്‍തൊടികയില്‍നിന്ന് വെള്ളം പമ്പുചെയ്ത് നാല് പഞ്ചായത്തുകളില്‍ ശുദ്ധജലമെത്തിക്കുന്നതാണ് പദ്ധതി. 23 കോടിരൂപയുടെ പദ്ധതിക്ക് 60 ശതമാനം തുക കേന്ദ്രസര്‍ക്കാരും ബാക്കിതുക സംസ്ഥാന സര്‍ക്കാരും വഹിക്കും.
തൃക്കലങ്ങോട് പഞ്ചായത്തില്‍ എളങ്കൂറിന് പുറമെ കാരക്കുന്ന്, തൃക്കലങ്ങോട് പ്രദേശങ്ങളെക്കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശം പ്രസിഡന്റ് മൈമൂന സമര്‍പ്പിച്ചിട്ടുണ്ട്.

പദ്ധതിയുടെ ഭാഗമായി ഓരോ പഞ്ചായത്തും സര്‍വെ നടത്തണം. അതേസമയം തിരുവാലിയില്‍ സര്‍വെ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും പദ്ധതിക്കാവശ്യമായ സ്ഥലം പഞ്ചായത്തിന്റെ അധീനതയിലുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ജയദേവ് അറിയിച്ചു. തിരുവാലി വില്ലേജ് ഓഫീസിനുസമീപം മണ്ണുപറമ്പിലെ ഒരേക്കര്‍ സ്ഥലത്ത് ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കാന്‍ ധാരണയായിട്ടുണ്ട്. ആദ്യഘട്ടമായി തിരുവാലിയില്‍ ശുദ്ധജലം വിതരണംചെയ്യും. മുപ്പതിനായിരത്തോളം കുടുംബങ്ങള്‍ക്ക് പദ്ധതിവഴി വെള്ളമെത്തിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് മറ്റ് പഞ്ചായത്തുകളില്‍ ജലസംഭരണികള്‍ സ്ഥാപിക്കുന്നമുറയ്ക്ക് തിരുവാലിയിലെ പ്ലാന്റില്‍നിന്ന് വെള്ളമെത്തിക്കാം.

എടവണ്ണയില്‍ മറ്റ് കുടിവെള്ളപദ്ധതികള്‍ പ്രയോജനപ്പെടാത്ത 6000ത്തോളം കുടുംബങ്ങള്‍ക്ക് ശുദ്ധജലമെത്തിക്കാനാകുമെന്ന് എടവണ്ണ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ എ. അഹമ്മദ്കുട്ടി പറഞ്ഞു. പുതിയ പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ നിലവിലെ പദ്ധതികളിലെ ഉപഭോക്തൃ ബാഹുല്യം കുറയ്ക്കാനാകുമെന്നും കുടിവെള്ള വിതരണ പദ്ധതികള്‍ കാര്യക്ഷമമാകുമെന്നും അദ്ദേഹം പറഞ്ഞു.
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top