*ബാബുവിനും ആയി വീട്, ഞങ്ങൾ കാരക്കുന്നുകാർ സന്തോഷത്തിലാണ്

കാരുണ്യം = ശിഹാബ് തങ്ങൾ
  ------ ------ ------ ------
***ബാബുവിനും ആയി വീട്, ഞങ്ങൾ കാരക്കുന്നുകാർ സന്തോഷത്തിലാണ്***
________________________________
ശിഹാബ് തങ്ങൾ ഉയർത്തിപ്പിടിച്ച കാരുണ്യത്തിന്റെ കുടക്കീഴിൽ ജാതി-മത- വർഗ്ഗ-രാഷ്ട്രീയ ഭേതമന്യേ ഇന്ന് എത്ര എത്ര പേരാണ് തണൽ കായുന്നത്..!!
മരണത്തിനപ്പുറവും, മലയോളം കാരുണ്യം വഹിച്ച് എത്ര എത്ര ഇടങ്ങളിലേക്കാണ്, ആരെയൊക്കെ തേടിത്തേടിയാണ് ആ മഹാത്മാവിന്റെ കരങ്ങൾ നീണ്ടു നീണ്ടു പോകുന്നത്..!!
ജീവിതത്തിൽ ഒരു നോക്കു കാണാത്തവർ പോലും വല്ലാത്ത ആ സ്നേഹവും കാരുണ്യവും ആസ്വദിക്കുമ്പോൾ ശിഹാബ് തങ്ങൾ എന്ന മനുഷ്യൻ തീർത്ത
സുകൃതത്തിന്റെ വലിപ്പം ആകാശത്തോളം വിശാലമാണെന്ന് പിന്നെയും പിന്നെയും നമ്മൾ തിരിച്ചറിയുകയാണ്.
ഇതാ.., നന്മയുടെ ആ കൈകൾ വീണ്ടും ഞങ്ങളുടെ നാട്ടിൽ സന്തോഷം പെയ്യിക്കുകയാണ്... ആനന്ദം നിറക്കുകയാണ്...
12 വർഷങ്ങൾക്കപ്പുറം, മഞ്ചേരിയിലെ കാരക്കുന്നെന്ന പഴയ നാട്ടിലേക്ക്, ഒത്തിരി പച്ച മനുഷ്യർ സ്നേഹത്തോടെ ജീവിക്കുന്ന ഈ ഗ്രാമത്തിലേക്ക് വഹിക്കാവുന്നതനിപ്പുറം സങ്കടവും ദാരിദ്ര്യവും പേറി ഗൂഡല്ലൂരിൽ നിന്നും ഒരു കുടുംബം വന്നു.
ഇന്ന്, ഞങ്ങൾ കാരക്കുന്നുകാരുടെ സ്വന്തമായ ബാബുവിന്റെ കുടുബം.
ഉമ്മയും രണ്ട് പെങ്ങന്മാരും അടങ്ങിയ നാഥനില്ലാത്ത നാലംഗ കുടുംബം.
ആകെയുള്ള ആൺതരിയാണ് ബാബു.പ്രായവും ശരീരവും യൗവ്വനത്തിന്റെ പടവുകളിലെത്തുമ്പോഴും, അവന് ബാല്യത്തിന്റെ ബുദ്ധിയാണ്. ശരീരവളർച്ചക്കൊപ്പം മനസ്സിന്റെ വളർച്ച ബാബുവിന് ഉണ്ടായില്ല. അമിത വണ്ണമുള്ള അവൻ കുട്ടികളെപ്പോലെ പെരുമാറി.നിശ്ക്കളങ്കമായ ചിരിയുമായി കാരക്കുന്നിന്റെ നാട്ടു പാതകളിലൂടെ, ആൾക്കൂട്ടത്തിലൂടെ നടന്നു.
കല്യാണ വീടുകളിലും മരണവീടുകളിലും അവൻ നിറസാന്നിദ്ധ്യമായി.
കരുണാർദ്രമായ മിഴികളോടെ, ദയാവായ്പ്പോടെ, സഹതാപത്തോടെ ആളുകൾ അവനേയും കുടുംബത്തേയും നോക്കി നിന്നു.
12 വർഷമായി വാടക വീട്ടിലാണ് അവർ താമസിക്കുന്നത്. ആശ്രയിക്കാൻ ആരോരുമില്ലാതെ, ചെറിയ ചെറിയ ജോലികൾ ചെയ്ത് ആ പാവം ഉമ്മ മക്കളെ വളർത്തുകയാണ്.
അവർക്ക് എന്നും കണ്ണീരാണ്.
ബാബുവിന്റെ കാര്യം.., വാടക വീട്..., ദാരിദ്ര്യം..
അങ്ങനെയിരിക്കെയാണ്, അവരുടെ സങ്കടങ്ങൾക്ക് ഇത്തിരി ആശ്വാസം പകരാൻ 'ബാബുവിന് ഒരു വീട്' എന്ന ചിന്ത കാരക്കുന്നുകാർ പരസ്പരം പങ്കുവെക്കുന്നത്.
കാരക്കുന്ന് മേഖല മുസ് ലിം ലീഗും കാരക്കുന്ന് ശിഹാബ് തങ്ങൾ റിലീഫ് സെല്ലും സംയുക്തമായി അതൊരു ദൗത്യമായി ഏറ്റെടുത്തു.
മനസ്സാ, വാചാ, കർമ്മണാ നാട്ടുകാരെല്ലാം തങ്ങളാലാവുന്നത് ചെയ്തു.
ശിഹാബ് തങ്ങളുടെ പാവനസ്മരണയിൽ ബാബുവിനുള്ള ബൈത്തുറഹ്മ ഇന്ന് പണി പൂർത്തിയായിരിക്കുകയാണ്.
വരുന്ന ബുധനാഴ്ച്ചയാണ് ( 01- 06 - 2016 ) നന്മയുടെ ആ ദിവസം... കാരക്കുന്നുകാർ സന്തോഷത്തോടെ നെടുവീർപ്പിടുന്ന ആനന്ദത്തിന്റെ ദിനം...
അന്ന് രാവിലെ പത്തര മണിക്കാണ് ബൈത്തുറഹ്മയുടെ താക്കോൽദാനം ബഹുമാനപ്പെട്ട സ്വാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിക്കുന്നത്.
മുഹമ്മദലി ശിഹാബ് തങ്ങളുടെ കാരുണ്യത്തിന്റെ നൂറായിരം മുഖങ്ങളിൽ ഒന്നാണ് "ബൈത്തുറഹ്മ" അഥവാ 'കാരുണ്യ ഗേഹം'.
വീടില്ലാത്തവർക്കു മുന്നിൽ ശിഹാബ് തങ്ങൾ പ്രത്യക്ഷപ്പെടുന്നത് ബൈത്തുറഹ്മയുടെ രൂപത്തിലാണ്. നന്മയുടെ വ്യാപനത്തിന് ദൈവം ഓരോ മനുഷ്യരെ തെരഞ്ഞെടുക്കാറാണല്ലോ പതിവ്.
ഇന്ന്, ബാബുവിന്റെ കുടുംബത്തിലേക്ക് ശിഹാബ് തങ്ങളിലൂടെ വന്ന കാരുണ്യത്തിന്റെ വല്ലാത്ത വലിപ്പം കണ്ട് ഞങ്ങൾ കാരക്കുന്നുകാർ ആനന്ദാശ്രു പൊഴിക്കുകയാണ്...
തങ്ങളേ..., അങ്ങയുടെ അനുയായികളാണെന്ന് പറയുന്നത് ഞങ്ങൾക്ക് ആവേഷമാണ്....
            - കടപ്പാട്-N.S.Rahman. Karakkunnu
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top