തൃക്കലങ്ങോട് : തദ്ദേശ തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചതോടെ തൃക്കലങ്ങോട് പഞ്ചായത്തിലും തെരഞ്ഞെടുപ്പ് ചർച്ചകൾ സജീവമായി. പഞ്ചായത്തിലെ മിക്ക വാർഡുകളിലും സ്ഥാനാർഥി പ്രഖ്യാപനം വന്നതോടെ തിരഞ്ഞെടുപ്പ് പോരാട്ടത്തിനു തുടക്കം കുറിച്ചിരിക്കുകയാണ്.
പുതിയ വാർഡ് വിഭജനം ഇരു മുന്നണികൾക്കും വ്യക്തമായ ഭൂരിപക്ഷം ഉറപ്പിക്കാൻ കഴിയാത്ത സാഹചര്യമാണ് സൃഷ്ടിച്ചതെങ്കിലും, വാർഡ് വിഭജനത്തിലൂടെ നേരിയമുൻ തൂക്കം ഇടതുമുന്നണിക്ക് അനുകൂലമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
വാർഡ് പുനർനിർണയം കാരണം പഞ്ചായത്തിലെ വാർഡുകളുടെ എണ്ണം 23-ൽ നിന്ന് 24 ആയി വർധിച്ചിരുന്നു
പുതുതായി രൂപീകരിച്ച 24-ാം വാർഡ് 'നെല്ലിക്കുന്ന്' ആർക്ക് നൽകണം എന്നതിനെച്ചൊല്ലി യു.ഡി.എഫിൽ ചർച്ച നടന്നുവരികയാണ്.
വാർഡ് യു.ഡി.എഫിന് അനുകൂലമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ, കോൺഗ്രസിന് ഈ സീറ്റ് നൽകണമെന്നാണ് കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിന്റെ ശക്തമായ ആവശ്യം.
എന്നാൽ, വാർഡിലെ വോട്ടർമാരിൽ ബഹുഭൂരിപക്ഷവും മുസ്ലിം ലീഗ് അനുഭാവികളായതിനാൽ സീറ്റ് തങ്ങൾക്ക് തന്നെ നൽകണമെന്നാണ് മുസ്ലിം ലീഗിന്റെ നിലപാട്.
ഇതിന്റെ അന്തിമ തീരുമാനം വരും ദിവസങ്ങളിൽ മേൽഘടകം കൈക്കൊള്ളും ഇതിനുശേഷമായിരിക്കും നെല്ലിക്കുന്നിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുക.
ഭരണം നിലനിർത്താൻ യു.ഡി.എഫ് അതീവ ശ്രദ്ധയോടെയാണ് സ്ഥാനാർത്ഥികളെ ഇറക്കിയിരിക്കുന്നത്. നിലവിലെ ഭരണം വിലയിരുത്തിയാകും ജനവിധി എന്നതിനാൽ വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടിയുള്ള പ്രചാരണത്തിനാണ് അവർ പ്രാധാന്യം നൽകുന്നത്.
മറുഭാഗത്ത്
ഭരണം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ യുവത്വത്തിനും അനുഭവ സമ്പന്നർക്കും ഒരുപോലെ പ്രാധാന്യം നൽകി തയ്യാറാക്കിയ സ്ഥാനാർത്ഥികളെയാണ് എൽ.ഡി.എഫ് സജ്ജമാക്കുന്നത്.
യുഡിഎഫ് ഭരണസമിതിയുടെ കെടുകാര്യസ്ഥതയും, അഴിമതി തുടങ്ങിയവ ഉയർത്തിക്കാട്ടി വോട്ടർമാരെ സ്വാധീനിക്കാനാണ് ഇടതുമുന്നണി ശ്രമിക്കുന്നത്.
വരും ദിവസങ്ങളിൽ, സ്ഥാനാർഥികൾ വീടുകൾ കയറിയുള്ള പ്രചാരണം ശക്തമാക്കുന്നതോടെ തൃക്കലങ്ങോട് പഞ്ചായത്തിലെ തിരഞ്ഞെടുപ്പ് പോരാട്ടം അതിന്റെ ഏറ്റവും വാശിയേറിയ ഘട്ടത്തിലേക്ക് പ്രവേശിക്കും.