പാലക്കാട്: സംസ്ഥാന പ്രവൃത്തി പരിചയമേളയിൽ കാരക്കുന്ന് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ മികച്ച പ്രകടനത്തിലൂടെ ശ്രദ്ധ നേടി. സംസ്ഥാനത്തെ മികച്ച വിദ്യാലയങ്ങളോട് മത്സരിച്ച് ഹയർസെക്കൻഡറി വിഭാഗത്തിൽ രണ്ടാം സ്ഥാനം സ്വന്തമാക്കിയാണ് കാരക്കുന്ന് സ്കൂൾ ഈ ശ്രദ്ധേയ നേട്ടം കൈവരിച്ചത്.
മേളയിൽ സ്കൂളിൽ നിന്നും പങ്കെടുത്ത പത്ത് വിദ്യാർത്ഥികളും എ ഗ്രേഡ് നേടി ഉജ്ജ്വല വിജയം കരസ്ഥമാക്കി. ഇതിൽ രണ്ടുപേർ രണ്ടാം സ്ഥാനവും, രണ്ടുപേർ മൂന്നാം സ്ഥാനവും നേടി.
ഇന്നവേറ്റീവ് വർക്കിംഗ് മോഡൽ വിഭാഗത്തിൽ മുഹമ്മദ് ഷാഹിദ് രണ്ടാം സ്ഥാനവും, അരീക്കനട്ട് പ്രൊഡക്സിൽ ഫാത്തിമ സന പി. യും രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
കൂടാതെ, കാർഡ് ആൻഡ് സ്ട്രോബോർഡ് ഇനത്തിൽ സ്വാലിഹ ടി. പി. മൂന്നാം സ്ഥാനവും, സ്റ്റെപ്പ് ടോയ് ഇനത്തിൽ ഹിബ മൂന്നാം സ്ഥാനവും നേടി.
ഹൈസ്കൂൾ വിഭാഗവും ഹയർസെക്കൻഡറി വിഭാഗവും ഒന്നിച്ച് കണക്കാക്കിയപ്പോൾ ബെസ്റ്റ് സ്കൂൾ വിഭാഗത്തിൽ കാരക്കുന്ന് ഗവ. എച്ച്. എസ്. എസ്. സംസ്ഥാനതലത്തിൽ നാലാം സ്ഥാനത്ത് സ്ഥാനം പിടിച്ചു.
ഈ മികച്ച വിജയത്തിന് മാർഗ്ഗനിർദ്ദേശം നൽകിയ അധ്യാപകരെയും, വിജയം നേടിയ വിദ്യാർത്ഥികളെയും പി.ടി.എയും സ്കൂൾ സമൂഹവും അഭിനന്ദിച്ചു. വിദ്യാർഥികളുടെ ഈ കൂട്ടായ പരിശ്രമം സ്കൂളിന്റെ വിജയ ചരിത്രത്തിലെ ഒരു പൊൻതൂവലായി.