പ്രധാന പ്രഖ്യാപനങ്ങൾ:
1. ആരോഗ്യ മേഖലയ്ക്ക് കരുതലായി കാൻസർ ആശുപത്രി
ജില്ലയിൽ കാൻസർ ചികിത്സാ സൗകര്യങ്ങൾ ഒരേ കുടക്കീഴിൽ ലഭ്യമാക്കാൻ പ്രത്യേക ആശുപത്രി സ്ഥാപിക്കും. ഇതിനായി ആദ്യഘട്ടത്തിൽ രണ്ട് കോടി രൂപ വകയിരുത്തി. ഈ വർഷം തന്നെ സ്ഥലം കണ്ടെത്തി നിർമാണം ആരംഭിക്കും. കൂടാതെ, കിഡ്നി വെൽഫെയർ സൊസൈറ്റിയുടെ പ്രവർത്തനം പുനരാരംഭിക്കാനും ഡയാലിസിസ് രോഗികൾക്ക് മരുന്നിനും മറ്റുമായി മൂന്ന് കോടി രൂപയും അനുവദിച്ചു.
2. ഫിഫ നിലവാരത്തിൽ ഫുട്ബോൾ സിറ്റി
കായിക മലപ്പുറത്തിന്റെ സ്വപ്നമായ ഇന്റർനാഷണൽ ഫുട്ബോൾ അക്കാദമി യാഥാർത്ഥ്യമാക്കും. 15 ഏക്കറിൽ സിന്തറ്റിക് ട്രാക്കും അത്യാധുനിക സൗകര്യങ്ങളുമുള്ള ഫുട്ബോൾ സിറ്റിക്കായി രണ്ട് കോടി രൂപ മാറ്റിവെച്ചു. ഭിന്നശേഷിക്കാർക്കായി പ്രത്യേക കായിക കേന്ദ്രവും ബജറ്റിലുണ്ട്.
3. വനിതകൾക്ക് 'ഷീ ബസ്' സൗജന്യ യാത്ര
ജില്ലയിലെ വനിതകൾക്കായി സൗജന്യ യാത്രാ സൗകര്യം ഒരുക്കുന്ന ഷീ ബസ് പദ്ധതി നടപ്പിലാക്കും. കെ.എസ്.ആർ.ടി.സി ബസുകൾ വാടകയ്ക്കെടുത്താണ് ഈ പദ്ധതി നടപ്പിലാക്കുക. ഇതിനായി 50 ലക്ഷം രൂപ വകയിരുത്തി.
4. എ.ഐ മലപ്പുറവും സ്മാർട്ട് വിദ്യാഭ്യാസവും
സാങ്കേതിക വിദ്യ ഗ്രാമീണ മേഖലയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി സ്കൂളുകളിൽ വി.ആർ (Virtual Reality) ലാബുകൾ സ്ഥാപിക്കും. യുവജനങ്ങൾക്ക് ഐ.ടി, റോബോട്ടിക്സ്, കോഡിങ് എന്നിവയിൽ പരിശീലനം നൽകാൻ 'യൂത്ത് സ്കിൽ ലോഞ്ച്' ആരംഭിക്കും.
5. നെറ്റ് സീറോ മലപ്പുറം (കാർബൺ ന്യൂട്രൽ)
പരിസ്ഥിതി സംരക്ഷണത്തിനായി മൂന്ന് കോടി രൂപ ചെലവിൽ കാർബൺ ന്യൂട്രൽ പദ്ധതി നടപ്പാക്കും. സർക്കാർ സ്ഥാപനങ്ങളെയും സ്കൂളുകളെയും സോളാർ ഊർജത്തിലേക്ക് മാറ്റുകയും ഇ-മാലിന്യ സംസ്കരണത്തിന് പ്രത്യേക കേന്ദ്രം തുടങ്ങുകയും ചെയ്യും.
6. ഭിന്നശേഷി സൗഹൃദ യാത്രാ പദ്ധതി
ഭിന്നശേഷിക്കാർക്ക് വീൽചെയറിൽ നിന്ന് മാറാതെ തന്നെ വാഹനത്തിൽ കയറാൻ സഹായിക്കുന്ന 'ആക്സസ് ഓൺ വീൽസ്' പദ്ധതി നടപ്പാക്കും. ഹൈഡ്രോളിക് ലിഫ്റ്റ് സൗകര്യമുള്ള വാഹനങ്ങൾ ഇതിനായി സജ്ജമാക്കും.
മറ്റ് പ്രധാന വിഹിതങ്ങൾ:
ആരോഗ്യ മേഖല: 20 കോടി രൂപ
പട്ടികജാതി/വർഗ ക്ഷേമം: 26 കോടി രൂപ
കൃഷിയും അനുബന്ധ മേഖലകളും: 30 കോടിയിലധികം രൂപ (വിദേശ പഴങ്ങൾ, മില്ലെറ്റുകൾ, നെൽകൃഷി എന്നിവയ്ക്ക് പ്രത്യേക വിഹിതം)
ഭിന്നശേഷി സൗഹൃദ ജില്ല: 10 കോടി രൂപ
വനിതാ ശാക്തീകരണം: 4 കോടി രൂപ
അടിസ്ഥാന സൗകര്യ വികസനം: 10 കോടി രൂപ
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ച യോഗത്തിൽ സ്ഥിരസമിതി അധ്യക്ഷന്മാരും മറ്റ് അംഗങ്ങളും പങ്കെടുത്തു. സമഗ്രവും ജനക്ഷേമപരവുമായ വികസനത്തിലൂടെ മലപ്പുറത്തെ ഒരു മാതൃകാ ജില്ലയാക്കി മാറ്റുകയാണ് ബജറ്റിലൂടെ ലക്ഷ്യമിടുന്നത്.