മഞ്ചേരി: മഞ്ചേരി ഗവ. ജനറല്‍ ആശുപത്രിയുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആരോഗ്യമന്ത്രി ഇടപെട്ട് ചര്‍ച്ചനടത്തുമെന്ന് അഡ്വ. എം.ഉമ്മര്‍ എം.എല്‍.എ അറിയിച്ചു. ജില്ലാ ആശുപത്രിയായിരുന്ന ഘട്ടത്തില്‍ ജനകീയ പങ്കാളിത്തത്തോടെയുള്ള വികസനത്തിന് നേതൃത്വം കൊടുത്ത എം.ഉമ്മര്‍ സത്യപ്രതിജ്ഞക്ക് ശേഷം ആശുപത്രിയുടെ പോരായ്മകള്‍ നേരിട്ടു മനസ്സിലാക്കാനെത്തി.
ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും കുറവ് പരിഹരിക്കുന്നതിനും ജനറല്‍ ആശുപത്രിയുടെ പ്രധാന കെട്ടിടത്തിന്റെയും കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയുടെയും അവശേഷിക്കുന്ന നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതിനും അടിയന്തിര പ്രാധാന്യം നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.
കെട്ടിടംപണി പൂര്‍ത്തിയായ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്ക് ജലസ്രോതസ്സ് കണ്ടെത്താന്‍ ശ്രമം തുടങ്ങിയതായി അദ്ദേഹം അറിയിച്ചു. പുതിയ ബസ്സ്റ്റാന്‍ഡിനടുത്ത് കിണര്‍ നിര്‍മിച്ച് വെള്ളം എത്തിക്കുന്നതിന് സ്ഥലം വിട്ടുനല്‍കാന്‍ നഗരസഭയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. അത്യാഹിത വിഭാഗത്തിലെ സൗകര്യം വര്‍ധിപ്പിക്കുന്നതിനുവേണ്ടി തൊട്ടടുത്തുള്ള സ്റ്റോര്‍ മാറ്റുന്നതിന് നടപടികളെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ കെട്ടിടത്തില്‍ സജ്ജീകരിച്ച അഞ്ച് ശസ്ത്രക്രിയാ തിയേറ്ററുകളുടെ പ്രവര്‍ത്തനത്തിന് തടസ്സമായ പൈപ്പ് ചോര്‍ച്ച പരിഹരിക്കാന്‍ ധാരണയായി. മംഗലം ഗോപിനാഥ്, നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്മാരായ വല്ലാഞ്ചിറ മുഹമ്മദലി, എ.പി.മജീദ് എന്നിവരും എം.എല്‍.യോടൊപ്പമുണ്ടായിരുന്നു.