മഞ്ചേരി: ജില്ലയ്ക്ക് അനുവദിച്ച മെഡിക്കല്‍ കോളേജ് മഞ്ചേരിയില്‍ ജനറല്‍ ആസ്പത്രിയെ ഉയര്‍ത്തി തന്നെയാവാന്‍ സാധ്യതയേറുന്നു. ജില്ലയില്‍ മറ്റൊരിടത്ത് മെഡിക്കല്‍കോളേജ് പുതുതായി സ്ഥാപിക്കാനുള്ള സാമ്പത്തികഭാരം നിലവിലുള്ള സാഹചര്യത്തിലില്ല എന്നതാണ് മഞ്ചേരിയില്‍ തന്നെ ഇതിന് വഴി തുറക്കാന്‍ കാരണം. 200 കോടി രൂപയോളമാണ് പുതുതായി മെഡിക്കല്‍ കോളേജിനായി വേണ്ടിവരുന്നത്. സ്ഥലം കണ്ടെത്തുന്നതിനും മറ്റുമുള്ള കാലതാമസം വേറേയും. എന്നാല്‍ നിലവില്‍ ജനറല്‍ ആസ്പത്രിയെ മെഡിക്കല്‍ കോളേജാക്കി ഉയര്‍ത്തിയാല്‍ സാങ്കേതികക്കുരുക്ക് തടസ്സമാവുകയുമില്ല.
മഞ്ചേരിയില്‍ സ്ഥലലഭ്യത പരിശോധിക്കാന്‍ ആഴ്ചകള്‍ക്കുമുമ്പ് താലൂക്ക് ഓഫീസ് സര്‍വേ നടത്തിയിരുന്നു. മതിയായ സ്ഥലം ലഭ്യമായതായാണ് സൂചന. ജനറല്‍ ആസ്പത്രിയും പണി പൂര്‍ത്തിയായ സ്ത്രീകളുടെയും കുട്ടികളുടെയും ആസ്പത്രിയും നില്‍ക്കുന്ന സ്ഥലവും തൊട്ടടുത്ത ഗ്രാമവികസന വകുപ്പിന്റെ സ്ഥലവും ചേര്‍ത്താല്‍ പന്ത്രണ്ടേക്കറോളം വരും. ചെരണി ടി.ബി. സെന്റര്‍ നില്‍ക്കുന്ന സ്ഥലം ഏഴ് ഏക്കറും കൂടി ചേര്‍ത്താല്‍ മെഡിക്കല്‍കോളേജിന് സ്ഥലം ലഭ്യമാവും. പുതിയ ചട്ടപ്രകാരം മെഡിക്കല്‍ കോളേജ് ആരംഭിക്കുവാന്‍ ഗ്രാമപ്പഞ്ചായത്തില്‍ 20 ഏക്കറും നഗരസഭയില്‍ 10 ഏക്കറും മതിയാകും. മെഡിക്കല്‍ കോളേജ് വിഷയത്തേക്കുറിച്ച് ചര്‍ച്ച ചെയ്യുവാന്‍ തിരുവനന്തപുരത്തുനിന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വരുംദിവസങ്ങളില്‍ കളക്ടറെ സന്ദര്‍ശിക്കും.(mathrubumi)