കാരക്കുന്ന് വലിയപള്ളിയിൽ അവസാനത്തെവെള്ളിയാഴ്ച ജുമ:അ കഴിഞ്ഞു മടങ്ങുന്നവർ
കാരക്കുന്ന്:റമസാനിലെ അവസാനത്തെ വെള്ളിയാഴ്ച നമ്മോട് വിടചൊല്ലി
‘അസ്സലാമു അലൈക്കും യാ ശഹ്്‌റ റംസാന്‍’… പുണ്യങ്ങളുടെ പൂക്കാലമായ റംസാന്റെ അവസാന വെള്ളിയാഴ്ചയ്ക്കു വിടപറയുമ്പോള്‍ ഇമാമിന്റെ കണ്ഠമിടറി… വിശ്വാസികളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. അഭൂതപൂര്‍വമായ തിരക്കായിരുന്നു എല്ലാ പള്ളികളിലും ‘സലാം വെള്ളിയാഴ്ച’ യായ ഇന്നലെ പള്ളികള്‍ നിറഞ്ഞു മുറ്റത്തേക്കും റോഡിലേക്ക് വരെയും വിശ്വാസികളുടെ നമസ്‌ക്കാരത്തിനായുള്ള സഫു (വരികള്‍) നിരന്നു. നേരത്തെത്തന്നെ സ്ഥാനം പിടിച്ചവര്‍ ഖുര്‍ആന്‍ പാരായണത്തിലും തസ്ബീഹു (ദൈവകീര്‍ത്തനം) കളിലും മുഴുകി.
കാരക്കുന്നിലെ മിക്ക പള്ളികളിലും രാത്രി നിസ്ക്കാരങ്ങള്‍ക്കും പ്രാര്‍ത്ഥനങ്ങള്‍ക്കും ജനപ്രവാഹമായിരുന്നു. ഏറ്റവും മഹത്വമുള്ള ദിനം വെള്ളിയാഴ്ച; മാസം റമസാനും. അതില്‍ തന്നെ ഏറ്റവും പുണ്യം അവസാനപത്ത്. വിശ്വാസികള്‍ക്ക് അല്ലാഹു നരകമുക്തിയും സ്വര്‍ഗപ്രവേശനവും നല്‍കുന്ന സമയമാണ് അവസാനപത്ത്. വെള്ളിയാഴ്ചകളാകട്ടെ, അല്ലാഹു അനേകലക്ഷം പേര്‍ക്ക് പാപമുക്തിയും നരകമോചനവും നല്‍കുന്ന ദിനവും. ഇങ്ങനെ എല്ലാ അര്‍ഥത്തിലും ഇൌ ദിനം വിശ്വാസിക്കു വിശ്രമമില്ലാത്ത പ്രാര്‍ഥനയുടേതാണ്.
അലസതയോടുള്ള യുദ്ധപ്രഖ്യാപനമാണ് റമസാനിലെ അവസാനദിനങ്ങളില്‍ വിശ്വാസി നടത്തുന്നത്. പ്രവാചകന്‍ ഇങ്ങനെ പ്രാര്‍ഥിക്കാറുണ്ടായിരുന്നു: ‘പിശുക്കില്‍ നിന്നും അലസതയില്‍നിന്നും ആയുസ്സിന്റെ ദുര്‍ബലാവസ്ഥയില്‍നിന്നും ഖബര്‍ ശിക്ഷയില്‍ നിന്നും ദജ്ജാലിന്റെ കുഴപ്പത്തില്‍നിന്നും ജീവിതത്തിന്റെയും മരണത്തിന്റെയും പരീക്ഷണങ്ങളില്‍നിന്നും ഞാന്‍ അഭയം തേടുന്നു’.
അലസത, വാര്‍ധക്യത്തിന്റെ അങ്ങേയറ്റത്തെ അവശത, കുറ്റകൃത്യങ്ങള്‍, കടബാധ്യത, സമ്പന്നത മൂലമുള്ള പരീക്ഷണങ്ങളില്‍നിന്നുളവാകുന്ന തിന്മകള്‍, ദാരിദ്യ്രത്തില്‍നിന്നുളവാകുന്ന പരീക്ഷണം തുടങ്ങിയവയില്‍നിന്നു രക്ഷ തേടി പ്രവാചകന്‍ പ്രാര്‍ഥിക്കാറുണ്ടായിരുന്നുവെന്ന് പത്നി ആയിഷ പറയുന്നു. വിശ്വാസികള്‍ പ്രാര്‍ഥനകളില്‍ ഉള്‍പ്പെടുത്തേണ്ട കാര്യങ്ങളാണിത്
റംസാനിലെ മൂന്നാം പത്തിലേക്കു കടന്നതോടെ അഞ്ചു നേരത്തെ നമസ്‌കാരത്തിനും തറാവീഹ് നമസ്‌കാരത്തിനുമായി മസ്്ജിദുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ‘ലൈലത്തുല്‍ ഖദ്ര്‍’ എന്ന രാത്രി അതു ഇന്നാണ് ആയിരം മാസങ്ങളേക്കാള്‍ ശ്രേഷ്ഠമായ രാവിന്റെ പുണ്യംനേടാന്‍ വിശ്വാസികളുടെ മനസ്സും ശരീരവും പ്രാര്‍ഥനയിലാണ്. ദൈവത്തിന്റെ മാലാഖമാര്‍ അനുഗ്രഹങ്ങളുമായി ഭൂമിയിലേക്കിറങ്ങുന്ന ദിവസമാണ് ലൈലത്തുല്‍ ഖദ്ര്‍ എന്നു പറയുന്നത്. ആരാധനകളില്‍ മുഴുകിയിരിക്കുന്ന വിശ്വാസികള്‍ക്കു മാത്രമേ ‘ലൈലത്തുല്‍ ഖദ്്‌റി’ന്റെ പുണ്യം കിട്ടുകയുള്ളൂ എന്നാണു വിശ്വാസം. അതിനാല്‍തന്നെ പള്ളികളില്‍ ‘ഇഅ്ത്തികാഫ്’ (ഭജനമിരിക്കല്‍) ഇരുന്നുകൊണ്ട് ആ പുണ്യരാവിനെ തേടുകയാണു വിശ്വാസികള്‍. നരകമോചനത്തിന്റേത് കൂടിയായ അവസാനത്തെ പത്തില്‍ പാപങ്ങള്‍ ഏറ്റുപറഞ്ഞ് ഇനി ആ വഴിയിലേക്കില്ലെന്ന് ദൈവത്തിന് വാക്കുകൊടുത്തു വിശ്വാസത്തിന്റെ വഴികള്‍ നന്മകൊണ്ട് ധന്യമാക്കുകയാണവര്‍.
ന്യൂസ്: ജലീൽ കാരക്കുന്ന് ഫോട്ടോ: ബുജൈർ ആമയൂർ റോഡ്