തൃക്കലങ്ങോട്: കാര്‍ഷിക മേഖലയുടെ പരിഷ്‌കരണത്തിലൂടെ തൃക്കലങ്ങോട് ഗ്രാമപ്പഞ്ചായത്തിന്റെ മുഖഛായ മാറ്റുന്ന പദ്ധതികള്‍ക്ക് കനറാബാങ്കിന്റെ ആഭിമുഖ്യത്തില്‍ തുടക്കമായി.
തൃക്കലങ്ങോട് മാനവേദന്‍ യു.പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അര്‍ച്ചന.എസ് ഭാര്‍ഗവയാണ് ഗ്രാമത്തെ 'ദത്തെടുക്കു'ന്നത് പ്രഖ്യാപിച്ചത്. ചടങ്ങില്‍ ബാങ്കിന്റെ തൃക്കലങ്ങോട് ശാഖയുടെ ഉദ്ഘാടനവും സമ്പൂര്‍ണ സാമ്പത്തിക ഉള്‍പ്പെടുത്തല്‍ പ്രഖ്യാപനവും അവര്‍ നിര്‍വഹിച്ചു.
സമ്പൂര്‍ണ സാമ്പത്തിക ഉള്‍പ്പെടുത്തല്‍ കനറാബാങ്ക് നടപ്പാക്കുന്ന സംസ്ഥാനത്തെ ആദ്യ ഗ്രാമമാണ് തൃക്കലങ്ങോട്. ജില്ലയില്‍ നന്നമ്പ്ര തെയ്യാലിങ്ങലാണ് മറ്റൊരു ഗ്രാമം. മലബാര്‍ മേഖലയില്‍ 15 ഗ്രാമങ്ങളിലാണ് കനറാബാങ്ക് സാമ്പത്തിക ഉള്‍പ്പെടുത്തല്‍ നടപ്പാക്കുന്നത്. ഗ്രാമീണരേയും ദുര്‍ബല വിഭാഗങ്ങളേയും ബാങ്കിങ് മേഖലയിലേക്ക് കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങളാണ് സാമ്പത്തിക ഉള്‍പ്പെടുത്തല്‍ എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്.
ദത്തെടുക്കലിന്റെ ഭാഗമായി ബാങ്കിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ ക്ലിനിക് തുടങ്ങുമെന്ന് അര്‍ച്ചന.എസ് ഭാര്‍ഗവ പറഞ്ഞു.
ക്ലിനിക്കില്‍ ഡോക്ടറുടെ സേവനവും ലഭ്യമാക്കും. ഇതുകൂടാതെ നബാര്‍ഡുമായി സഹകരിച്ച് കര്‍ഷക ക്ലബ്ബുകള്‍ രൂപവത്കരിക്കും. രണ്ട് ആണ്‍കുട്ടികളുടെയും മൂന്ന് പെണ്‍കുട്ടികളുടെയും വിദ്യാഭ്യാസച്ചെലവ് ഏറ്റെടുക്കുന്നതായി അവര്‍ പ്രഖ്യാപിച്ചു.
തൃക്കലങ്ങോട് മാനവേദന്‍ യു.പി സ്‌കൂളിന്റെയും അറ്റകുറ്റപ്പണി അടക്കം വിദ്യാഭ്യാസ കാര്യങ്ങള്‍ക്കായി പ്രതിവര്‍ഷം 11000 രൂപ ബാങ്ക് വകയിരുത്തും.
പദ്ധതിയുടെ ഭാഗമായി 101 കുട്ടികള്‍ക്ക് ബാഗ് വിതരണം ചെയ്തു. 51 കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്, 51 ജനറല്‍ ക്രെഡിറ്റ് കാര്‍ഡ്, 51 പേര്‍ക്ക് ഡി.ആര്‍.ഐ നിരക്കില്‍ വായ്പ എന്നിവ നല്‍കി.
ചടങ്ങില്‍ കനറാബാങ്ക് കോഴിക്കോട് സര്‍ക്കിള്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ.ആര്‍.ബാലചന്ദ്രന്‍ അധ്യക്ഷതവഹിച്ചു. തിരുവനന്തപുരം സര്‍ക്കിള്‍ ജനറല്‍ മാനേജര്‍ ശ്രീകാന്തന്‍, അസിസ്റ്റന്റ് മാനേജര്‍ സുജാത കരുണാകരന്‍, വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത കുതിരാടത്ത്, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.സുധാകരന്‍, തൃക്കലങ്ങോട് കനറാബാങ്ക് ബ്രാഞ്ച് മാനേജര്‍ എസ്.കെ.സുധീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.