
മഞ്ചേരി: ഒരു രാത്രി പുലരുവോളം കാത്തുനിന്നാല്‍ മതി ജയം തീരുമാനിക്കാന്‍. പാതിരാ കാല്‍പ്പന്തുകളിക്ക് ഒരിക്കല്‍ക്കൂടി ചുള്ളക്കാട് സ്‌കൂള്‍ ഗ്രൗണ്ട് വേദിയായി. ഫ്‌ളഡ്‌ലൈറ്റിന്റെ പാല്‍വെളിച്ചത്തില്‍ സൗദിപൗരന്‍മാരാണ് കിക്കോഫ് ചെയ്തത്. പ്രാദേശിക ടീമുകളെ പങ്കെടുപ്പിച്ചുനടത്തുന്ന തുറക്കല്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ സൗദിക്കാരായ അബ്ദുള്‍ അസീസും, ബസ്സമുമാണ് ഉദ്ഘാടനം ചെയ്തത്. ടീം അംഗങ്ങളുടെ വര്‍ണചിത്രങ്ങളുമായി അങ്ങാടികവലകളിലും മറ്റും സ്ഥാനംപിടിച്ച ഫ്‌ളക്‌സ്‌ബോര്‍ഡുകള്‍ പാതിരാ മാമാങ്കത്തിന് ആവേശം പകര്‍ന്നു. ടീമുകളുടെ പേരുകളാണ് ഏറെ വിചിത്രം. ഡ്രാക്കുള, കോഴി, കുറുക്കന്‍, ആര്‍.ഡി.എക്‌സ് തുടങ്ങിയത് പേരുകളില്‍ ചിലതുമാത്രം. ഉദ്ഘാടന മത്സരത്തില്‍ ഡ്രാക്കുള ടീം ആര്‍.ഡി.ക്‌സിനെ തോല്‍പ്പിച്ചു.