
തൃക്കലങ്ങോട് : മേലേടത്ത് വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രത്തില്‍ വലിയ കളംപാട്ടുത്സവം ആഘോഷിച്ചു. രാവിലെ എരുതകൊട്ടോടെ ചടങ്ങുകള്‍ക്ക് തുടക്കമായി. ഉച്ചയ്ക്ക് വള്ളിയന്‍കാവ് ഭഗവതിക്ഷേത്രത്തിലേക്ക് നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്റെ അകമ്പടിയോടെ എഴുന്നള്ളത്ത് നടന്നു. ശരണംവിളിച്ച് അയ്യപ്പഭക്തര്‍ ഘോഷയാത്രയില്‍ ചുവടുവെച്ചു. വീടുകള്‍ക്ക് മുമ്പില്‍ നിറപറയൊരുക്കി ഭക്തര്‍ എഴുന്നള്ളത്തിന് സ്വാഗതമരുളി.വൈകീട്ട് ചെര്‍പ്പുളശ്ശേരി സഹോദരന്മാരായ രാജു, ശ്രീജു എന്നിവരുടെ ഡബിള്‍ തായമ്പകയും വള്ളിവട്ടം ശങ്കരന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ വെളിച്ചപ്പാടും കരിക്കാട് അപ്പുകുറുപ്പിന്റെ നേതൃത്വത്തില്‍ കളംപാട്ടും നടന്നു. തുടര്‍ന്ന് സന്ധ്യാവേല, കേളി, കൊമ്പ്പറ്റ്, കുഴല്‍പ്പറ്റ്, മേളം, ഇടയ്ക്ക പ്രദക്ഷിണം എന്നിവ അരങ്ങേറി.വാള്‍ എഴുന്നള്ളത്തും കളം പ്രദക്ഷിണവും കളംപൂജയും നടന്നു. കരിമരുന്ന് പ്രയോഗത്തോടെ ഉത്സവം സമാപിച്ചു