
മഞ്ചേരി: മഞ്ചേരി നെല്ലിപ്പറമ്പ് ജങ്ഷനില്‍ ബസ്‌സ്റ്റോപ്പുകള്‍ മാറ്റിസ്ഥാപിക്കുവാന്‍ നഗരസഭ കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
നിലമ്പൂര്‍ ഭാഗത്തേക്കും അരീക്കോട് ഭാഗത്തേക്കുമുളള ബസ്സുകള്‍ ജങ്ഷനില്‍ നിര്‍ത്തി ഗതാഗതതടസ്സം ഉണ്ടാക്കുന്നത് ഒഴിവാക്കാനാണിത്. 50 മീറ്റര്‍ മാറി പുതിയ സ്റ്റോപ്പ് നിര്‍മ്മിക്കാനാണ് തീരുമാനമായത്. ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ നോ പാര്‍ക്കിങ്, പാര്‍ക്കിങ് ബോര്‍ഡുകള്‍, യുടേണ്‍ നിരോധന ബോര്‍ഡുകള്‍ സ്ഥാപിക്കും. ഇതുകൂടാതെ രാത്രികാല അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി വിവിധ ഭാഗങ്ങളില്‍ ഫ്‌ളാഷറുകള്‍ സ്ഥാപിക്കാനും തീരുമാനിച്ചു.
നഗരസഭയില്‍ ഏറനാട് താലൂക്ക് തഹസില്‍ദാരെ ജില്ലാ മജിസ്‌ട്രേറ്റിന്റെ പ്രതിനിധിയായി ഉള്‍പ്പെടുത്തി ട്രാഫിക് ക്രമീകരണ സമിതി രൂപവത്കരിക്കും.
രാജീവ്ഗാന്ധി ബൈപ്പാസ്-ജെ.ടി.എസ് റോഡുകളെ ബന്ധിക്കുന്ന റോഡിന്റെ പ്രവൃത്തിക്കായി തയ്യാറാക്കിയ 95,000 രൂപയുടെ എസ്റ്റിമേറ്റിന് ഭരണാനുമതി നല്‍കി. ഇത് ഡി.പി.സി അംഗീകാരത്തിന് സമര്‍പ്പിക്കും.
യോഗത്തില്‍ ചെയര്‍മാന്‍ എം.പി.എം. ഇസ്ഹാഖ് കുരിക്കള്‍ അധ്യക്ഷതവഹിച്ചു.
സ്ഥിരംസമിതി ചെയര്‍മാന്‍മാരായ വല്ലാഞ്ചിറ മുഹമ്മദ്, കണ്ണിയന്‍ അബൂബക്കര്‍, എ.പി. മജീദ്, കൗണ്‍സിലര്‍ കെ.പി. രാവുണ്ണി, സെക്രട്ടറി മുരളീധരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.