
മമ്പാട്: ഫ്രണ്ട്‌സ് ഫുട്‌ബോളില്‍ സബാന്‍ കോട്ടയ്ക്കലിന് കിരീടം. കലാശക്കളിയില്‍ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് ബി ആന്‍ഡ് ജി പെരിന്തല്‍മണ്ണയെയാണ് അവര്‍ തോല്‍പ്പിച്ചത്. 8000 പേര്‍ക്കിരിക്കാവുന്ന ഗാലറി തിങ്ങിനിറഞ്ഞിരുന്നു. നിരവധി പേര്‍ക്ക് കളികാണാനാവാതെ മടങ്ങേണ്ടിവന്നു. പോലീസും സംഘാടകരും തിരക്ക് നിയന്ത്രിക്കാന്‍ ഏറെ ബുദ്ധിമുട്ടി.
മമ്പാട് ഫുട്ബോള്‍ മല്‍ത്സരം വന്‍ വിജയമാക്കിയതില്‍ ഒരു പങ്ക് കാരക്കുന്നുകാര്‍ക്കും ഉണ്ട് ഫുട്ബോള്‍ പ്രേമികളായ കാരക്കുന്നുകാരില്‍ മിക്കവരും മമ്പാടിലെ കളി കാണാന്‍ ദിവസവും പോവാറുണ്ട്. പലരിലും സീസണ്‍ ടിക്കറ്റ് ഉണ്ട്. കഴിഞ്ഞ മത്സരത്തിലും കാരക്കുന്നുകാരുടെ സാനിധ്യം ഗാലറിയില്‍ കാണാമായിരുന്നു.
ഒരു മാസത്തോളം നീണ്ടുനിന്ന കാല്‍പ്പന്തുകളിയുടെ പൂരപ്പൊലിമയ്ക്ക് ഇതോടെ കൊടിയിറങ്ങി. പടക്കംപൊട്ടിച്ചും ആരവം തീര്‍ത്തും കടന്നുപോയ ആഘോഷരാവുകള്‍ വഴിമാറുമ്പോള്‍ മൈതാനിയില്‍ ഇനി രാവുകള്‍ നിശ്ചലം. ജേതാക്കള്‍ക്ക് പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി വിജയകുമാറും വണ്ടൂര്‍ സി.ഐ. മൂസ വള്ളിക്കാടനും ചേര്‍ന്ന് ട്രോഫികള്‍ സമ്മാനിച്ചു.
ചടങ്ങില്‍ ടൂര്‍ണമെന്റ് കമ്മിറ്റീ ചെയര്‍മാന്‍ കെ.കെ. കുട്ടി അധ്യക്ഷതവഹിച്ചു. കണ്‍വീനര്‍ കെ. സലാഹുദ്ദീന്‍, തമ്പാര്‍ സഫറുള്ള എന്നിവര്‍ പ്രസംഗിച്ചു.