
കാരക്കുന്ന്: ബൈക്കില്‍ ചീറിപ്പായുന്ന യുവത്വം പിറകിലേക്ക് നോക്കുന്നേയില്ല. ഇരുചക്രവാഹനങ്ങളില്‍ നിന്ന് റിയര്‍വ്യൂ മിറര്‍ ഊരി മാറ്റുന്നതാണ് പുതിയ ട്രെന്റ്. ബൈക്കായാലും സ്‌കൂട്ടറായാലും കണ്ണാടിയില്ലെങ്കില്‍ പെട്ടെന്ന് തിരിച്ചറിയാം അത് ചെത്ത് പയ്യന്‍മാരുടേതാണെന്ന്. പുത്തന്‍ വണ്ടികളില്‍ പോലും ഹാന്‍ഡില്‍ബാറിന് മുകളില്‍ ഘടിപ്പിച്ച കണ്ണാടികള്‍ അഴിച്ചുമാറ്റിയാണ് വിദ്യാര്‍ഥികളും യുവാക്കളും നിരത്തിലിറങ്ങുന്നത്.
വണ്ടിയോടിക്കുമ്പോള്‍, ഇരുചക്രവാഹനത്തിലാണെങ്കില്‍ പ്രത്യേകിച്ചും നാലുപാടും നോക്കിയില്ലെങ്കില്‍ അപകടം ഉറപ്പ്. പിന്നില്‍നിന്ന് വരുന്ന വാഹനങ്ങളെ നേരത്തേ കാണാനും വഴിമാറാനും റിയര്‍വ്യൂ മിറര്‍ അത്യാവശ്യം. ദേശീയപാതയിലെ തിരക്കേറിയ സ്ഥലങ്ങളിലും അങ്ങാടികളിലും വശംതെറ്റിച്ചുള്ള ഓവര്‍ടേക്കിങ്ങ് മൂലമുള്ള അപകടങ്ങള്‍ ഒഴിവാക്കുന്നത് കണ്ണാടിക്കാഴ്ചയാണ്. മറ്റു വാഹനങ്ങളുമായി കൂട്ടിയിടിച്ചുള്ള ഇരുചക്ര വാഹനാപകടങ്ങളില്‍ ഭൂരിഭാഗവും നേരിട്ടുള്ള കൂട്ടിയിടി മൂലമല്ല പിന്നില്‍ നിന്നോ വശങ്ങളില്‍ നിന്നോ ഉള്ളതാണ് എന്ന് ട്രോമാകെയര്‍ വളണ്ടിയര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.
രജിസ്‌ട്രേഷന്‍ സമയത്ത് മോട്ടോര്‍വാഹന വകുപ്പ് അധികൃതര്‍ പരിശോധന നടത്തുമ്പോള്‍ കണ്ണാടി നിര്‍ബന്ധമാണ്. ഇല്ലാതെ ഓടുന്ന വാഹനം പിടിക്കപ്പെട്ടാല്‍ നൂറുരൂപയാണ് പിഴ. എന്നാല്‍ പിഴ ഒരു പ്രശ്‌നമല്ലെന്ന മട്ടിലാണ് പുതു തലമുറയുടെ പറക്കല്‍.