മഞ്ചേരിക്ക് ഫയര്‍‌സ്റ്റേഷന്‍ സ്വപ്നം മാത്രം


മഞ്ചേരി: തീപ്പിടിത്തങ്ങള്‍ മഞ്ചേരിക്ക് ഭീതി സമ്മാനിക്കുമ്പോഴും ഫയര്‍‌സ്റ്റേഷന്‍ യൂണിറ്റ് എന്നത് ഇവിടത്തുകാരുടെ സ്വപ്നം മാത്രമാകുന്നു. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ മഞ്ചേരിയിലും പരിസരപ്രദേശങ്ങളിലുമായി ചെറുതും വലുതുമായ 30 തീപ്പിടുത്തങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതില്‍ പ്രധാനം പാണ്ടിക്കാട് സ്‌ക്വയറില്‍ മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റിനു സമീപം കോടികളുടെ നഷ്ടം വരുത്തിവെച്ച തീപ്പിടിത്തമാണ്. ജില്ലയുടെ പ്രധാന വ്യാപാരകേന്ദ്രം മഞ്ചേരിയിലാണ്. എന്നാല്‍ അടിയന്തര ഘട്ടങ്ങളില്‍ പലപ്പോഴും ഫയര്‍ഫോഴ്‌സ് വരുമ്പോഴേക്ക് താമസമുണ്ടാകാറുണ്ട്.

മഞ്ചേരിക്കടുത്ത് ഫയര്‍ഫോഴ്‌സ് സ്റ്റേഷനുകള്‍ ഉള്ളത് മലപ്പുറം, പെരിന്തല്‍മണ്ണ, നിലമ്പൂര്‍ എന്നിവിടങ്ങളിലാണ്. മലപ്പുറത്തേക്ക് 12 കിലോമീറ്ററും പെരിന്തല്‍മണ്ണയിലേക്കും നിലമ്പൂരിലേക്കും 25 കിലോമീറ്റര്‍ വീതവും ദൂരമുണ്ട്. ഇവിടങ്ങളില്‍നിന്ന് മഞ്ചേരിയിലേക്ക് ഓടിയെത്തുമ്പോഴേക്കും സമയമേറെ കഴിഞ്ഞിരിക്കും.

സ്ഥലം കണ്ടെത്തിനല്‍കിയാല്‍ ഫയര്‍ സ്റ്റേഷന്‍ തുടങ്ങാമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ എം. ഉമ്മര്‍ എം.എല്‍.എയുടെ സബ്മിഷന് ഉറപ്പുനല്‍കിയിട്ടുണ്ട്. എന്നാല്‍ നഗരസഭയ്ക്ക് സ്ഥലം ഇതുവരെ കണ്ടെത്താനായിട്ടില്ല. കളക്ടറുടെ നിര്‍ദേശപ്രകാരം തഹസില്‍ദാറും നഗരസഭാ ചെയര്‍മാനും ഫയര്‍‌സ്റ്റേഷനായ് നിരവധി സ്ഥലങ്ങള്‍ പരിശോധിച്ചു. വീമ്പൂരും നറുകരയും മാര്യാടും സ്ഥലം കണ്ടെങ്കിലും സാങ്കേതിക കുരുക്കില്‍ അത് മുടങ്ങുകയായിരുന്നു. കോ- ഓപ്പറേറ്റീവ് കോളേജിന് സമീപം ഒരു ഏക്കറോളം പി.ഡബ്ല്യു.ഡി.യുടെ സ്ഥലമാണ് നിലവില്‍ ഫയര്‍‌സ്റ്റേഷനായി പരിഗണിക്കുന്നത്. നെല്ലിപ്പറമ്പിലും സ്ഥലം നോക്കുന്നുണ്ട്. എന്നാല്‍ ഫയര്‍‌സ്റ്റേഷന്‍ സ്ഥാപിക്കുന്നതുവരെ താത്കാലികമായി ഒരു സംവിധാനം ഏര്‍പ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വ്യാപാരിവ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ 'വേണം മഞ്ചേരിക്കൊരു ഫയര്‍‌സ്റ്റേഷന്‍' കാമ്പയിനും നടത്തിയിരുന്നു.
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top