
കാരക്കുന്ന് : പുലത്ത് പാറേങ്ങല്‍ അബ്ദുള്‍നാസര്‍ വധക്കേസിലെ പ്രതിയുടെ കൈവെട്ടിമാറ്റിയ സംഭവത്തില്‍ അറസ്റ്റിലായ നാലുപേരുടെ തിരിച്ചറിയല്‍പരേഡ് മഞ്ചേരി സബ്ജയിലില്‍ നടന്നു.
തായംകോട് പുലത്ത് പുലിക്കോട്ടില്‍ ഫയാസിന്റെ കൈവെട്ടിമാറ്റുകയും കേസിലെ മറ്റൊരുപ്രതി സാജിദിനെ വാഹനമിടിച്ച് കൊലപ്പെടുത്തുവാനും ശ്രമിച്ച കേസില്‍ അറസ്റ്റിലായ പുലത്ത് പാറേങ്ങല്‍ ഉമ്മര്‍, സുനീര്‍ബാബു, ഖാലിദ്, സിറാജുദ്ദീന്‍ എന്നിവരുടെ തിരിച്ചറിയല്‍ പരേഡ് ആണ് നടന്നത്. ഫോറസ്റ്റ് കോടതി മജിസ്‌ട്രേറ്റ് കെ.ആര്‍. മുരളീധരന്‍ മുമ്പാകെയാണ് പരേഡ് നടത്തിയത്.
സാക്ഷികള്‍ ഇവരെ തിരിച്ചറിഞ്ഞതായാണ് സൂചന. ഡിസംബര്‍ 17നാണ് മഞ്ചേരി കോടതിയിലേക്ക് വരുംവഴി കാരക്കുന്ന് പുലത്തുവെച്ച് ഫയാസും സാജിദും ആക്രമിക്കപ്പെട്ടത്. 2008 ഫിബ്രവരി എട്ടിന് തിരുവാലി തായംകോട് വട്ടപ്പറമ്പില്‍ നടന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെയുണ്ടായ സംഘര്‍ഷത്തില്‍ അബ്ദുള്‍നാസര്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികളാണ് ഇവര്‍.