
മഞ്ചേരി: മഞ്ചേരി വായ്പാറപ്പടി ഇന്ദിരാഗാന്ധി സ്മാരക ബസ്‌ടെര്‍മിനല്‍ ഉദ്ഘാടനത്തിനൊരുങ്ങുന്നു. ബസ് ടെര്‍മിനിലില്‍ ബസ് യാര്‍ഡ് കോണ്‍ക്രീറ്റിങ്, ഇലക്ട്രിക്കല്‍ ജോലികള്‍ എന്നിവ മാത്രമാണ് ഇനി അവശേഷിക്കുന്നത്. മഞ്ചേരിയിലെ മൂന്നാമത്തെ ബസ്സ്റ്റാന്‍ഡാണിത്. ആറു കോടി രൂപ ചെലവിലാണ് ഇത് പൂര്‍ത്തിയാക്കിയത്. 2004ല്‍ മൂന്നേകാല്‍ കോടിയുടെ എസ്റ്റിമേറ്റില്‍ പദ്ധതി ആരംഭിച്ചെങ്കിലും സാങ്കേതിക തടസ്സങ്ങള്‍മൂലം നിര്‍മാണം വൈകുകയായിരുന്നു.
പിന്നീട് എസ്റ്റിമേറ്റ് പുതുക്കിയാണ് ആറു കോടിയായത്. മൂന്നര ഏക്കര്‍ സ്ഥലത്ത് 5200 സ്‌ക്വയര്‍ ഫീറ്റിലാണ് മൂന്നുനില കെട്ടിടം നിര്‍മിച്ചത്. താഴത്തെ നിലയില്‍ 32 മുറികളും ഒന്നാംനിലയില്‍ 17 മുറികളും രണ്ടാമത്തെ നിലയില്‍ 14 മുറികളുമാണുള്ളത്. 30ബസ്സുകള്‍ക്ക് പാര്‍ക്ക് ചെയ്യാം. ഓട്ടോ-ടാക്‌സി പാര്‍ക്കിങ്ങിനും ടെര്‍മിനലിന് സമീപം സ്ഥലം നല്‍കിയിട്ടുണ്ട്.
ഏപ്രില്‍ 30നകം ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്ന് നഗരസഭാ ചെയര്‍മാന്‍ എം.പി.എം. ഇസ്ഹാഖ് കുരിക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ വല്ലാഞ്ചിറ മുഹമ്മദലി, എ.പി. മജീദ്, കണ്ണിയന്‍ അബൂബക്കര്‍, നന്ദിനി വിജയകുമാര്‍, സെക്രട്ടറി മുരളീധരന്‍ നായര്‍ തുടങ്ങിയവരും പങ്കെടുത്തു.