
മഞ്ചേരി: ജില്ലയില്‍ പകല്‍ചൂട് മുന്‍വര്‍ഷത്തേക്കാള്‍ കൂടിയതോടെ സൂര്യതാപമേല്‍ക്കാതിരിക്കാന്‍ മുന്‍കരുതലും അനിവാര്യമായിരിക്കുകയാണ്. ജില്ലയില്‍ നാല് ദിവസത്തിനിടെ രണ്ടുപേര്‍ക്കാണ് സൂര്യതാപമേറ്റത്. കഴിഞ്ഞ ബുധനാഴ്ചയാണ് പരപ്പനങ്ങാടിയില്‍ യുവാവിന് സൂര്യതാപമേറ്റ് പൊള്ളലുണ്ടായത്. ശനിയാഴ്ച അരീക്കോടും ഒരാള്‍ക്ക് സൂര്യതാപമേറ്റു. ഇത്തവണ ജില്ലയുടെ ചിലഭാഗങ്ങളില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെ പകല്‍ചൂട് ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ വെയിലത്ത് ജോലിചെയ്യുന്നവര്‍ മുന്‍കരുതല്‍ എടുക്കേണ്ടത് ആവശ്യമായി വന്നിരിക്കുകയാണ്. പ്രധാനമായും രാവിലെ പതിനൊന്നിനും ഉച്ചതിരിഞ്ഞ് മൂന്നുമണിക്കിടയിലുമാണ് സൂര്യതാപമേല്‍ക്കുന്നത്. അതുകൊണ്ട് ഇതിനെ അടിസ്ഥാനമാക്കി ജോലി സമയം ക്രമീകരിക്കണം. ചൂട് 37 ഡിഗ്രിസെല്‍ഷ്യസില്‍ കൂടുതലായാല്‍ സൂര്യതാപമേല്‍ക്കാനുള്ള സാധ്യത കൂടുതലാണെന്ന് അധികൃതര്‍ പറഞ്ഞു. ഫിബ്രവരി 25, 27 തീയ്യതികളിലായിരുന്നു പകല്‍ചൂട് 39 ഡിഗ്രി സെല്‍ഷ്യസിലെത്തിയത്. ശനിയാഴ്ച 37 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് മുന്‍വര്‍ഷം ഈ കാലയളവില്‍ ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതലാണെന്ന് മലപ്പുറം ഭൂജലവകുപ്പിന്റെ കാലാവസ്ഥാ നിരീക്ഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
വെയിലേറ്റ് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ട ആളെ ഉടന്‍തന്നെ തണലത്തേക്ക് മാറ്റുകയും ധാരാളം വെള്ളം നല്‍കുകയും വേണമെന്ന് ഡി.എം.ഒ. ഡോ.കെ. സക്കീന പറഞ്ഞു. കൂടാതെ ചികിത്സ ലഭ്യമാക്കുകയുംവേണം.