
തൃക്കലങ്ങോട്: തൃക്കലങ്ങോട് ഗ്രാമപ്പഞ്ചായത്ത് 21-ാം വാര്‍ഡില്‍ വാഹനങ്ങളും കടകളും കേന്ദ്രീകരിച്ചുള്ള 'മൊബൈല്‍' മദ്യവില്പനയ്‌ക്കെതിരെ കുടുംബശ്രീ പ്രവര്‍ത്തകര്‍ രംഗത്ത്.
32ല്‍ ചില കച്ചവടസ്ഥാപനങ്ങളും ഓട്ടോറിക്ഷകളും കേന്ദ്രീകരിച്ചുള്ള മദ്യവില്പന ജീവിതം ദുസ്സഹമാക്കിയപ്പോഴാണ് സ്ത്രീകളും കുട്ടികളും ഇതിനെതിരെ രംഗത്തുവന്നിരിക്കുന്നത്. അനധികൃത മദ്യവില്പനയ്‌ക്കെതിരെ പോലീസ് പരിശോധന പലപ്പോഴും ഫലവത്താകുന്നില്ല.
പോലീസ് പരിശോധനയ്‌ക്കെത്തുമ്പോഴേക്കും മദ്യക്കുപ്പികള്‍ എവിടെയെങ്കിലും ഒളിപ്പിച്ചുവെക്കുകയാണ് പതിവ്. എന്നാല്‍ ആവശ്യക്കാര്‍ എത്തുന്നമുറയ്ക്ക് മദ്യം എത്തിച്ചുകൊടുക്കുകയുംചെയ്യും. ചില കടകള്‍ 'മൊബൈല്‍ ബാറാ'യും പ്രവര്‍ത്തിക്കുന്നുണ്ട്. മദ്യം അരയില്‍ തിരുകി അങ്ങാടിയില്‍ പരസ്യമായി വില്പന നടത്തുന്നവരുമുണ്ട്.
സ്‌കൂള്‍ ഗ്രൗണ്ടില്‍ ഉപേക്ഷിക്കപ്പെട്ട മദ്യക്കുപ്പികളില്‍നിന്ന് അവശേഷിക്കുന്ന മദ്യം കുട്ടികള്‍ വെള്ളംചേര്‍ത്ത് ഉപയോഗിക്കുന്നത് കാണാറുണ്ടെന്ന് പരിസരവാസികള്‍ പറയുന്നു. വാടകക്കെട്ടിടങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്പനയും തകൃതിയാണ്.
ലഹരിവസ്തുക്കളുടെ അനധികൃത കച്ചവടം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് 32ലെ കുടുംബശ്രീ യൂണിറ്റുകള്‍ അങ്ങാടിയില്‍ പ്രകടനം നടത്തി. ലഹരിവിരുദ്ധ ബോധവത്കരണ നോട്ടീസുകള്‍ വിതരണംചെയ്തു. പരിപാടിക്ക് വണ്ടൂര്‍ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് അജിത കുതിരാടത്ത്, വൈസ്പ്രസിഡന്റ് എ. അബ്ദുള്‍സലാം, തൃക്കലങ്ങോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.കെ. മൈമൂന, വൈസ്പ്രസിഡന്റ് കെ. ജയപ്രകാശ്ബാബു, ജില്ലാപഞ്ചായത്തംഗം വി.എം. ഷൗക്കത്ത്, കെ.ആര്‍.കെ തൃക്കലങ്ങോട്, എം.കെ. രമാദേവി, പ്രസീദ വെട്ടിയംകുന്ന്, ജിഷ, ശാന്തകുമാരി അയോധ്യനിലയം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
അനധികൃത മദ്യവില്പന, ചീട്ടുകളി എന്നിവയ്‌ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാകളക്ടര്‍, എകൈ്‌സസ് അസിസ്റ്റന്റ് കമ്മീഷണര്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കി.