ഒരു കാലത്ത് ഗ്രാമത്തിന്റെ ആവേശമായിരുന്ന നാല്പതു കഴിഞ്ഞ കളിക്കാര്‍ വീണ്ടും ബൂട്ടണിഞ്ഞ് മൈതാനത്ത് പന്തുതട്ടാനെത്തി. അറുപതിലെത്തിയ റിട്ട. ഹെഡ്മാസ്റ്റര്‍ ശങ്കരന്‍ എമ്പ്രാന്തിരിയും കുഞ്ഞന്‍ ആലുങ്കുണ്ടും നാടി ആലുങ്കുണ്ടും ഭാസ്‌കരന്‍ തടത്തിപ്പറമ്പിലിനുമെല്ലാം ആശംസ അര്‍പ്പിക്കാനെത്തിയത് എണ്‍പതു വയസ്സുപിന്നിട്ട് അഴുവളപ്പില്‍ നാരായണന്‍ നായര്‍. പ്രായത്തിന്റെ അവശതകളെ മറികടക്കാന്‍ ഊന്നുവടിയുടെ സഹായത്തോടെയാണ് എത്തിയതെങ്കിലും കളിക്കാര്‍ക്ക് ഹാരാര്‍പ്പണം നടത്തി കളിയുടെ ആവേശത്തിലേക്ക് അദ്ദേഹം മുഴുകി.
കല്പാറത്തൊടി വിജയന്‍ നായരും ഭാസ്‌കരന്‍ തടത്തിപ്പറമ്പിലും നയിച്ച ടീമുകള്‍ ഏറ്റുമുട്ടിയപ്പോള്‍ കളിക്കളത്തിന് പുറത്ത് 'ബ്ലാക്ക് ആന്‍ഡ് വൈറ്റ്' ഓര്‍മ്മകളുമായി അവരുടെ സമകാലികര്‍ ആവേശം പകര്‍ന്നു.
എന്‍.സി. ഉമ്മറും കരീം മരത്താണിയും കറപ്പന്‍ തമ്പാപ്രയും ബോസ് തമ്പാപ്രയും സേതുമാധവന്‍ വെള്ളക്കുഴിയും കുഞ്ഞാലി കോട്ടാമ്പുറത്തും ഹുസൈന്‍ പാമ്പാടിയുമെല്ലാം ഗ്രാമത്തിന്റെ സ്വന്തം മാണിക്യങ്ങളായി. മത്സരത്തില്‍ കല്പാറത്തൊടി വിജയന്‍ നായരുടെ ടീം (2-1)ന് വിജയിച്ചു.
തൃക്കലങ്ങോട് പൊതുജന വായനശാല, ഗ്രന്ഥാലയത്തിന്റെ അറുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് പഴയകാല ഫുട്‌ബോള്‍ താരങ്ങളുടെ മത്സരം തുടങ്ങിയത്. മത്സരം ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയപ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു.
തിങ്കളാഴ്ച വൈകീട്ട് ഏഴിന് സാംസ്‌കാരിക സമ്മേളനം നടക്കും. തുടര്‍ന്ന് സംസ്ഥാന വിജയികളായ കലാപ്രതിഭകളുടെ നൃത്തനൃത്യങ്ങള്‍, കലാപരിപാടികള്‍, ജില്ലാ പോലീസിന്റെ ട്രാഫിക് ബോധവത്കരണം നാടകം എന്നിവയും ഉണ്ടാകും
