ഡ്രൈവറെ പുറത്തെടുക്കാനായത് ഒന്നരമണിക്കൂറിനു ശേഷം
കാരക്കുന്ന് : തച്ചുണ്ണിയില്‍ നിയന്ത്രണം വിട്ട ലോറിമറിഞ്ഞ് ആറുപേര്‍ക്ക് പരിക്കേറ്റു
ലോറി ഡ്രൈവര്‍ തമിഴ്‌നാട് പോളൂര്‍ തിരുവണ്ണാമല കോകിലന്‍(36), ക്ലീനര്‍ വെല്ലൂര്‍ വിരുതമ്പെട്ടി മുഹമ്മദലി (58), ലോഡിംഗ് തൊഴിലാളികളായ അസം സ്വദേശി സദ്ദാംഹുസൈന്‍, ഇമ്രാന്‍ (22), നസീര്‍ (22), റിഹാബുല്‍ ഇസ്ലാം (21) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കാബിനില്‍ കാല്‍ കുടുങ്ങിയ ഡ്രൈവറെ ഒന്നരമണിക്കൂര്‍ പരിശ്രമത്തിനൊടുവിലാണ് രക്ഷപെടുത്തിയത്. ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്ന് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് കമ്പി മുറിച്ചാണ് പുറത്തെടുത്തത്.
വെളളിയാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെ തച്ചുണ്ണി വളവിലായിരുന്നു അപകടം. തീപ്പെട്ടി വിറകുമായി വണ്ടൂര്‍ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ലോറി എതിരേ വന്ന ബൈക്കിനെ ഇടിക്കാതിരിക്കാന്‍ ശ്രമിക്കുമ്പോഴാണ് വലതുഭാഗത്തേയ്ക്ക് മറിഞ്ഞതെന്ന് പറയപ്പെടുന്നു. തലകീഴായി മറിഞ്ഞ ലോറിക്കുള്ളില്‍ 6 പേരും പെട്ടു. ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ തന്നെ കാബിന്‍ പൊളിച്ച് ഡ്രൈവര്‍ ഒഴികേയുള്ളവരെ രക്ഷപ്പെടുത്തി ജനറല്‍ ആസ്പത്രിയിലേയ്ക്ക് കൊണ്ടു വന്നു. അപ്പോഴേയ്ക്കും മലപ്പുറത്ത് നിന്നും മൂന്ന് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് എത്തി ഡ്രൈവറേ രക്ഷിക്കാന്‍ ശ്രമം ആരംഭിച്ചു. സമീപത്തെ ക്രഷര്‍ സ്ഥാപനങ്ങളില്‍ നിന്നും 2 ജെ സി ബികളും സ്ഥലത്തെത്തി. ലോറി ഉയര്‍ത്തിയശേഷമാണ് ഡ്രൈവറെ രക്ഷപ്പെടുത്തുവാന്‍ സാധിച്ചത്.
അപകടം നടന്നതോടെ ഈ ഭാഗത്ത് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. പോലീസും നാട്ടുകാരും ഏറെ പണിപ്പെട്ടാണ് പൂര്‍വ്വ സ്ഥിതിയിലാക്കിയത്.
