പാല്‍പുഞ്ചിരിയില്‍ നന്ദി പൊതിഞ്ഞു; ജനറല്‍ ആസ്‌പത്രിയുടെ കണ്ണന്‍ കോഡൂരിലേക്ക്

എളങ്കൂര്‍

47 ദിവസം മുമ്പ് ജനറല്‍ ആസ്​പത്രിയില്‍ എത്തുമ്പോള്‍ അവന്‍ കണ്ണനായിരുന്നില്ല. പിറന്ന് മൂന്ന് ദിവസം മാത്രം പ്രായമായ ചോരക്കുഞ്ഞായിരുന്നു. എളങ്കൂര്‍ ചരക്കുളം ചത്രോളിമലയില്‍ തോട്ടത്തില്‍നിന്ന് കണ്ടെത്തുമ്പോള്‍ കണ്ണിലും മൂക്കിലും ചെവിയിലുമെല്ലാം ഉറുമ്പും പുഴുക്കളും അരിച്ച് ആ കുഞ്ഞുദേഹം തളര്‍ന്നിരുന്നു. നിര്‍ജലീകരണവും പ്രശ്‌നമായി. ആട്‌മേയ്ക്കാന്‍ പോയ മുണ്ടപ്ര ഹമീദാണ് അവനെ കണ്ടത്. ജനറല്‍ ആസ്​പത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ച അവനെ ത്തേടി ഉറ്റവരാരും എത്തിയില്ല. പോലീസ് അവരെ തേടിയെങ്കിലും ഉത്തരം കിട്ടിയില്ല. ജനറല്‍ ആസ്​പത്രിയിലെ നഴ്‌സുമാര്‍ അവനെ പരിചരിക്കാന്‍ മത്സരിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ അപകടനില തരണംചെയ്തു. അവന് കണ്ണന്‍ എന്ന പേരും നല്‍കി.

പൂര്‍ണ ആരോഗ്യം വീണ്ടെടുത്തുവെന്ന് ആസ്​പത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് ബാലക്ഷേമ കമ്മിറ്റിയാണ് കുഞ്ഞിനെ ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. ചെയര്‍മാന്‍ അഡ്വ. ഷെരീഫ് ഉള്ളത്ത്, അംഗങ്ങളായ അഡ്വ. നജ്മല്‍ ബാബു കൊരമ്പയില്‍, എം. മണികണ്ഠന്‍, ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ സമീര്‍ മച്ചിങ്ങല്‍, കോഡൂര്‍ ശിശുപരിപാലനകേന്ദ്രം സൂപ്രണ്ട് കെ. സുഭദ്രക്കുട്ടി എന്നിവര്‍ ആസ്​പത്രിയിലെത്തി കണ്ണനെ ഏറ്റെടുത്തു. ഇത്രയുംകാലം അവനെ പരിചരിച്ച ആസ്​പത്രി ജീവനക്കാര്‍ക്ക് മധുരം നല്‍കാനും മറന്നില്ല. ചടങ്ങില്‍ ആസ്​പത്രി സൂപ്രണ്ട് കെ.എം. സുകുമാരന്‍, ശിശുരോഗവിദഗ്ധന്‍ ഡോ. ഷിബു കിഴക്കാത്ര, ഹെഡ്‌നഴ്‌സ് സുഷമാ മത്തായി എന്നിവരും പങ്കെടുത്തു. കണ്ണനെ ഇനി നിയമപ്രകാരം ദത്ത് നല്‍കാനാണ് തീരുമാനം.
:ജീവിതത്തിലേയ്ക്ക് കൈ നീട്ടിയ ഒരുപാടുപേര്‍ക്ക് പാല്‍പുഞ്ചിരിയില്‍ നന്ദി സമ്മാനിച്ച് ജനറല്‍ ആസ്​പത്രിയുടെ കണ്ണന്‍ യാത്രതിരിച്ചു. ഇനി അവന്‍ കോഡൂര്‍ ശിശുപരിപാലനകേന്ദ്രത്തിന്റെ ലാളനയില്‍.
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top