മഞ്ചേരി: ജില്ലയുടെ വര്‍ഷങ്ങളായുള്ള ഒരു സ്വപ്നം അരികിലെത്തിയിരിക്കുന്നു. മെഡിക്കല്‍ കോളേജ്. അത് സര്‍ക്കാര്‍മേഖലയില്‍ രണ്ടുവര്‍ഷം കൊണ്ടുതന്നെ സഫലമാവുകയാണ്. പുതുതായി പ്രഖ്യാപിച്ച ആറ് മെഡിക്കല്‍ കോളേജുകളില്‍ ആദ്യത്തേതാണ് മഞ്ചേരിയില്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. സംസ്ഥാനത്തെ സര്‍ക്കാര്‍മേഖലയിലെ ആറാമത്തെ മെഡിക്കല്‍ കോളേജാണിത്. 14 ലക്ഷത്തിലധികം ജനസംഖ്യയുള്ള മലപ്പുറംജില്ല ഇത് മുമ്പേ അര്‍ഹിച്ചിരുന്നുവെന്നതാണ് വാസ്തവം. മികച്ച മെഡിക്കല്‍ വിദ്യാഭ്യാസത്തോടൊപ്പം ആധുനിക ചികിത്സയും ചേരുമ്പോള്‍ അത് മലപ്പുറത്തിന്റെ സ്വന്തം ആതുരാലയമാകുമെന്നാണ് വിശ്വാസം. പ്രവര്‍ത്തനംതുടങ്ങാന്‍ ദിവസങ്ങള്‍മാത്രം ബാക്കിനില്‍ക്കേ ഒരുക്കങ്ങള്‍ എവിടെവരെ എത്തി...
ജനറല്‍ ആസ്പത്രി, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാത്രമായി നിര്‍മിച്ച ആസ്പത്രിക്കെട്ടിടം, ഗ്രാമവികസന വകുപ്പിന്റെയും മരാമത്ത് വിഭാഗത്തിന്റെയും സ്ഥലം, പി.ഡബ്ല്യു.ഡി. റെസ്റ്റ്ഹൗസ് എന്നിവയാണ് മെഡിക്കല്‍ കോളേജിനായി ഉപയോഗപ്പെടുത്തിയിരിക്കുന്നത്. മൊത്തത്തില്‍ 22 ഏക്കറില്‍കൂടുതല്‍ സ്ഥലം വരും. സ്ത്രീകളുടേയും കുട്ടികളുടേയും ആസ്പത്രി 4 നിലയിലാണ് മെഡിക്കല്‍ കോളേജ് പഠനവിഭാഗം സജ്ജമാക്കിയിരിക്കുന്നത്. 100 വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രവേശനം. 300 കിടക്കകളുള്ള മെഡിക്കല്‍ കോളേജാണിത്. ആദ്യവര്‍ഷത്തിലെ ലാബുകളായ ഫിസിയോളജി, ബയോകെമിസ്ട്രി, അനാട്ടമി, മൈക്രോബയോളജി ലാബുകള്‍ എന്നിവ സജ്ജമാക്കിക്കഴിഞ്ഞു. ലക്ചറര്‍ ഹാളിനായി മുകളില്‍ ഒരു നിലകൂടി താത്കാലികമായി നിര്‍മിച്ചിട്ടുണ്ട്. ലൈബ്രറിയിലേയ്ക്ക് 1.50 കോടി രൂപയുടെ പുസ്തകങ്ങള്‍ സജ്ജീകരിച്ചു. വിവിധ ജേര്‍ണലുകളും ഇന്റര്‍നെറ്റ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. അനാട്ടമി വിഭാഗത്തിലേയ്ക്ക് പഠന ആവശ്യത്തിനായി മൃതദേഹങ്ങള്‍ അടുത്തയാഴ്ചയോടെ എത്തും. കോട്ടയം, തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍നിന്ന് പ്രത്യേക ആംബുലന്‍സിലാണ് അവ എത്തിക്കുന്നത്. മൃതദേഹങ്ങള്‍ സൂക്ഷിക്കാനുള്ള കെടാവര്‍ ടാങ്ക് നിര്‍മിച്ചിട്ടുണ്ട്. ഇതില്‍ നിറയ്ക്കാനുള്ള ഫോര്‍മലിന്‍ രാസവസ്തുവും എത്തിച്ചിട്ടുണ്ട്. ക്ലാസ്മുറികള്‍, ഡെമോണ്‍സ്‌ട്രേഷന്‍ മുറികള്‍, കോണ്‍ഫറന്‍സ് ഹാള്‍ തുടങ്ങിയവയും സജ്ജമാണ്.
ജനറല്‍ ആസ്പത്രിയില്‍ 4, 5 നിലകളിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഗ്രാമവികസന വകുപ്പിന്റെ ഭൂമിയില്‍ 23 കോടി രൂപ ചെലവില്‍ അഞ്ചുനില കെട്ടിടനിര്‍മാണം അടുത്തയാഴ്ച ആരംഭിക്കുകയാണ്. അടുത്തവര്‍ഷത്തെ ക്ലാസ് മുറികള്‍, ഹോസ്റ്റല്‍ എന്നിവ ഇവിടെയാണ് സജ്ജമാക്കേണ്ടത്്. അഞ്ച് വര്‍ഷംകൊണ്ടാണ് മെഡിക്കല്‍ കോളേജ് പൂര്‍ണമായും സജ്ജമാകുന്നത്.
പ്രവേശനം ആഗസ്ത് 3 ന് തുടങ്ങും. ക്ലാസ് തുടങ്ങാന്‍ സപ്തംബര്‍ 10 കഴിയും. മുഖ്യമന്ത്രിയുടെ തീയതിക്കനുസരിച്ച് ഉദ്ഘാടനവും നടക്കും. ജില്ലാകളക്ടര്‍ കെ. ബിജുവിന്റെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ വേഗത്തിലാകുകയാണ് ഇപ്പോള്‍.
-
കടപ്പാട് മാത്രുഭൂമി-