എടവണ്ണ: സീതിഹാജി പാലത്തിന്റെ തകര്‍ന്ന സംരക്ഷണഭിത്തി താത്കാലികമായി
പുനഃസ്ഥാപിക്കുന്ന പ്രവൃത്തി നാട്ടുകാര്‍ തടഞ്ഞു. മഴയത്ത് നടത്തുന്ന പണി
ഗുണകരമാകില്ലെന്നും പാലത്തിന് സമീപം മണ്ണിടിച്ചില്‍ തടയാന്‍ ശാശ്വത
പരിഹാരമാണ് വേണ്ടതെന്നും ആവശ്യപ്പെട്ട് പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തിലാണ്
പണി തടഞ്ഞത്. പാറപ്പൊടി നിറച്ച ചാക്കുകള്‍ നിരത്തി താത്കാലിക സംരക്ഷണ ഭിത്തി കെട്ടാന്‍ തിങ്കളാഴ്ച തൊഴിലാളികളെത്തി. ഈ സമയം മുണ്ടേങ്ങര വാര്‍ഡംഗം വി. സുനില്‍ബാബു, കൊളപ്പാട് വാര്‍ഡംഗം കെ.യു. ശ്രീനിവാസന്‍ എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ സംഘടിച്ചെത്തി പണിതടയുകയായിരുന്നു. വൈകീട്ട് നാല് മണിയോടെയാണ് സംഭവം.
ചാലിയാറിലെ കനത്ത കുത്തൊഴുക്കില്‍ പാലത്തിന് സമീപം വന്‍തോതില്‍ മണ്ണിടിച്ചിലുണ്ട്.
മുണ്ടേങ്ങര ഭാഗത്തെ തൂണിനോട് ചേര്‍ന്ന സംരക്ഷണഭിത്തി കഴിഞ്ഞ വെള്ളിയാഴ്ചയാണ് പൂര്‍ണമായും തകര്‍ന്നത്. ഇതേ തുടര്‍ന്ന് പി.കെ. ബഷീര്‍ എം.എല്‍.എ.യുടെ നേതൃത്വത്തില്‍ പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിങ്ങ് എന്‍ജിനിയറും ജീവനക്കാരും ശനിയാഴ്ച സ്ഥലം സന്ദര്‍ശിച്ചു.
മഴ തുടര്‍ന്നാല്‍ മണ്ണിടിച്ചില്‍ വ്യാപകമാകാനും പാലത്തിലേക്കുള്ള റോഡിന്റെ തകര്‍ച്ചക്കിടയാക്കുമെന്നുമാണ് അധികൃതരുടെ വിലയിരുത്തല്‍. ഇതിനാല്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ എം.എല്‍.എ. നിര്‍ദേശം നല്‍കി.
ഇതിനാലാണ് തിങ്കളാഴ്ച താത്കാലിക പ്രവൃത്തിക്ക് തീരുമാനിച്ചതെന്ന് പി.ഡബ്ല്യു.ഡി. ബ്രിഡ്ജസ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ മുസ്തഫ കമാല്‍ പറഞ്ഞു. പാലത്തിന്റെ സംരക്ഷണത്തിന് പൊതുമരാമത്ത് വകുപ്പ് ശാശ്വത പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇതിന് സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ നടപടികള്‍ സ്വീകരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. 25 ലക്ഷം രൂപ വീതം കണക്കാക്കി മൂന്നു ഘട്ടങ്ങളിലായി പ്രവൃത്തി പൂര്‍ത്തീകരിക്കാനാണ് പദ്ധതി. പാലം മുതല്‍ മുണ്ടേങ്ങര പമ്പ് ഹൗസ് വരെയുള്ള 75 മീറ്റര്‍ ദൂരത്തില്‍ കോണ്‍ക്രീറ്റ് സംരക്ഷണ ഭിത്തി നിര്‍മിക്കാനാണ് പദ്ധതി. അനുമതി ലഭിച്ചാലും പുഴയില്‍ വെള്ളം ഗണ്യമായി കുറഞ്ഞാലേ ഈ പ്രവൃത്തി നടത്താനാകൂ. അതിനാല്‍ സംരക്ഷണ ഭിത്തി തകര്‍ന്ന സ്ഥലത്ത് ഇപ്പോള്‍ താത്കാലിക പ്രവൃത്തി അനിവാര്യമാണെന്നും അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ പറഞ്ഞു.
mathrubhumi 06.08.2013