തൃക്കലങ്ങോട് ഉപതിരഞ്ഞെടുപ്പ്; പ്രചാരണത്തിന് ചൂടേറുന്നു

തൃക്കലങ്ങോട്: തൃക്കലങ്ങോട് ഗ്രാമപ്പഞ്ചായത്തില്‍ കരിക്കാട് വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പിന് ഒരുമാസം മുമ്പ് തന്നെ പ്രചാരണം ചൂടുപിടിക്കുന്നു.

പഞ്ചായത്ത് ഭരണം നിലനിര്‍ത്താന്‍ യു.ഡി.എഫും മറിച്ചിടാന്‍ എല്‍.ഡി.എഫും കിണഞ്ഞ് ശ്രമിക്കുകയാണ്. 26 നാണ് തിരഞ്ഞെടുപ്പ്. വി.സജീവ് കുമാറാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. എല്‍.ഡി.എഫിന് വേണ്ടി ഡോ. കെ.കെ. ബാലചന്ദ്രന്‍ നായരാണ് മത്സരിക്കുന്നത്. റിട്ട. പ്രൊഫസറും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗവുമാണ് ഇദ്ദേഹം. വിജ്ഞാപനം വരുന്നതിന് മുമ്പേ ഇരുമുന്നണികളും കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. വീടുകള്‍ തോറുമുള്ള പ്രചാരണത്തിനാണ് ഇപ്പോള്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത്. എല്‍.ഡി.എഫിന് തുടക്കത്തില്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയം സംബന്ധിച്ച് ആശയകുഴപ്പം നിലനിന്നിരുന്നു.

23 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ യു.ഡി.എഫിന് 12 ഉം എല്‍.ഡി.എഫിന് 11 ഉം കക്ഷി നിലയില്‍ നില്‍ക്കുമ്പോഴാണ് വൈസ്​പ്രസിഡന്റ് ജയപ്രകാശ് ബാബു രാജിവെയ്ക്കുന്നത്. കോണ്‍ഗ്രസിലെ പടലപ്പിണക്കങ്ങളായിരുന്നു കാരണം. ഇതോടെ കക്ഷിനില തുല്യനിലയില്‍ എത്തി. രാജിവെച്ചത് പിന്‍വലിയ്ക്കണമെന്നാവശ്യപ്പെട്ട് പിന്നീട് ജയപ്രകാശ്ബാബു തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചെങ്കിലും അത് അംഗീകരിക്കപ്പെട്ടില്ല. ഇതേ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് വേണ്ടി വന്നത്.

വൈസ്​പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് പിന്നീട് നടന്ന തിരഞ്ഞെടുപ്പില്‍ ലീഗ് അംഗത്തിന്റെ വോട്ട് അസാധുവായതിനെ തുടര്‍ന്ന് എല്‍.ഡി.എഫിന്റെ കെ. കെ. ജനാര്‍ദ്ദനന്‍ വൈസ് പ്രസിഡന്റായി. 419 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ഇവിടെ ജയിച്ചത്. കഴിഞ്ഞരണ്ടുതവണയും നേരിയ ഭൂരിപക്ഷത്തിനാണ് എല്‍.ഡി.എഫിന് ഭരണം നഷ്ടമായത്.
DUBAINET
DUBAINET
DUBAINET

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Out
Ok, Go it!
To Top