മഞ്ചേരി: സൂപ്പർ കപ്പ് യോഗ്യതാ മത്സരങ്ങൾക്ക് തിങ്കളാഴ്ച വിസിൽ മുഴങ്ങുമ്പോൾ ബാൾ ബോയ്സായി എത്തുന്നത് തൃക്കലങ്ങോട്ടിലെ കുട്ടിത്താരങ്ങൾ. യുനൈറ്റഡ് ഫുട്ബാൾ അക്കാദമിയുടെ അണ്ടർ -16, അണ്ടർ -14 താരങ്ങളാണ് കളിക്കാർക്ക് യഥായസമയം പന്തെത്തിച്ച് നൽകുക. ജില്ല ഫുട്ബാൾ അസോസിയേഷൻ ട്രഷററും പരിശീലകനുമായ കെ.കെ. കൃഷ്ണനാഥിൻറെ നേതൃത്വത്തിൽ ക്ലബിലെ 24 പേരടങ്ങുന്ന സംഘമാണ് പയ്യനാട്ടെത്തുക. ഞായറാഴ്ച ഉച്ചക്ക് ശേഷം കുട്ടികളുമായി മോക്ക് ഡ്രിൽ നടത്തി. മാച്ച് കമീഷനറുടെ നിർദേശ പ്രകാരമായിരുന്നു നടപടികൾ. മോക്ക് ഡ്രില്ലിനൊപ്പം ഇവർക്ക് വേണ്ട നിർദേശങ്ങളും നൽകി. എ.എഫ്.സി മാച്ച് കമീഷനർ അരുണവ ഭട്ടാചാര്യ, റഫറി അസസർ ഷാജി കുര്യൻ എന്നിവർ നേതൃത്വം നൽകി. ഇന്ത്യൻ സൂപ്പർ ലീഗിലെ വമ്പന്മാരായ ക്ലബുകളിലെ മികച്ച താരങ്ങളെ അടുത്ത് കാണാൻ വിദ്യാർഥികൾക്ക് അവസരം ലഭിക്കും. ഇതാദ്യാമായാണ് രാജ്യത്തെ പ്രധാന ചാമ്പ്യൻഷിപ്പ് നടക്കുന്ന സ്റ്റേഡിയത്തിൽ യുനൈറ്റഡ് ഫുട്ബാൾ അക്കാദമിയിലെ കുട്ടികൾ എത്തുന്നത്. കൃഷ്ണനാഥിന് കീഴിൽ കളിച്ചുവളർന്ന തൃക്കലങ്ങോടിൻറെ അഭിമാന താരം അർജ്ജുൻ ജയരാജ് ഗോകുലം കേരള എഫ്.സിക്ക് വേണ്ടി കളത്തിലിറങ്ങുത് വിദ്യാർഥികൾക്കും പ്രചോദനമാകും.