കാരക്കുന്ന്: തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിലെ എളംകൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാബ് ടെക്‌നീഷ്യൻ നിയമനത്തിൽ അഴിമതി നടന്നെന്ന് ആരോപിച്ച് പ്രതിപക്ഷ അംഗങ്ങൾ ബോർഡ് യോഗത്തിൽ ആരോപണം ഉന്നയിച്ചു.
പുതിയ ലാബ് ടെക്നീഷ്യന് വേണ്ടി അഭിമുഖം നടത്തിയവരിൽ ആർ എം ഒ യും ജില്ലാ ലാബ് ടെക്നീഷ്യന്മാരും മാർക്കിട്ടപ്പോൾ ഉണ്ടായിരുന്ന റാങ്ക് ലിസ്റ്റ് പഞ്ചായത്ത് പ്രസിഡന്റ്, ആരോഗ്യ സ്ഥിരം സമിതി അദ്യക്ഷ എന്നിവരുടെ മാർക്ക് കൂടെ വന്നപ്പോൾ ലിസ്റ്റ് അട്ടിമറിക്കുകപ്പെടുകയായിരുന്നെന്നാണ് പ്രതിപക്ഷ ആരോപണം.
നൂറ് കണക്കിന് ആളുകൾ ദിനംപ്രതി ആശ്രയിക്കുന്ന കുടുംബാരോഗ്യ കേന്ദ്രത്തിൽ UDF ഭരണസമിതിയുടെ ഇത്തരത്തിലുള്ള ഇടപെടൽ അംഗീകരിക്കാൻ ആവില്ലെന്നും സമഗ്ര അന്വേഷണം വേണമെന്നും പ്രതിപക്ഷ അംഗങ്ങൾ ബോർഡ് യോഗത്തിൽ ആവശ്യപ്പെട്ടു.
ഭരണപക്ഷമായ കോൺഗ്രസ്സും മുസ്ലിം ലീഗും ഈ വിഷയത്തിൽ അഭിപ്രായവ്യത്യാസത്തിലാണെന്നും ഭരണപക്ഷത്തെ പടല പിണക്കത്തിൽ നിയമനം നീണ്ടുപോയി ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടായാൽ പ്രത്യക്ഷ സമരത്തിന് ഇറങ്ങുമെന്നും പ്രതിപക്ഷ അംഗങ്ങൾ ചർച്ചയിൽ ഓർമിപ്പിച്ചു.
എം.ജസീർ കുരുക്കൾ,ജോമോൻ ജോർജ്,നിഷ എടക്കുളങ്ങര,പ്രഭേഷ് എടക്കാട്, പി.ഗീത, പ്രസന്നകുമാരി ടീച്ചർ, കെ.കൃഷ്ണദാസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.