ആമയൂർ : ശുദ്ധജലക്ഷാമം രൂക്ഷമായ തൃക്കലങ്ങോട് ഗ്രാമപ്പഞ്ചായത്തിലും പരിസരപ്രദേശങ്ങളിലും കുടിവെള്ളമെത്തിക്കാൻ ജൽ ജീവൻ മിഷൻ മുഖേന 282 കോടിരൂപ ചെലവിൽ നടപ്പാക്കുന്ന പദ്ധതിക്ക് പാതിവഴിയിൽ കല്ലുകടി.
പദ്ധതിക്കായി ആമയൂർ കുന്നുംപുറത്ത് നിർമിക്കുന്ന കൂറ്റൻ പ്ലാന്റ് ഭാവിയിൽ സുരക്ഷാഭീഷണി ഉയർത്തുമെന്നാണ് നാട്ടുകാരുടെ വാദം. പ്ലാന്റ് മറ്റൊരിടത്ത് സ്ഥാപിക്കണമെന്ന് പരിസരവാസികൾ ആവശ്യപ്പെട്ടു. മണ്ണുമാന്തിയുപയോഗിച്ചുള്ള നിർമാണപ്രവർത്തനം നിർത്തിവെക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
പദ്ധതിക്കായി ഒന്നരയേക്കർ ഭൂമിയിൽ 3.10 കോടി ലിറ്റർ ജലസംഭരണ പ്ലാന്റാണ് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്. ദിവസവും ലക്ഷക്കണക്കിന് ലിറ്റർ വെള്ളം ശുദ്ധീകരിക്കാൻ ശേഷിയുള്ള പ്ലാന്റ് ജനവാസമേഖലയിൽ സ്ഥാപിക്കുന്നത് ഭാവിയിൽ അപകടംവരുത്തുമെന്നാണ് പ്രദേശത്തെ കുടുംബങ്ങളുടെ ആശങ്ക.
എതിർപ്പു രൂക്ഷമായതോടെ പ്ലാന്റിന്റെ നിർമാണം കരാറുകാരൻ കഴിഞ്ഞദിവസം നിർത്തിവെച്ചു. എന്നാൽ, പദ്ധതിയുടെ ഭാഗമായി പാണ്ടിക്കാട്, പോരൂർ പഞ്ചായത്തുകളിലും തൃക്കലങ്ങോട് 170 കിലോമീറ്ററോളം ഭാഗത്തും പൈപ്പ് ലൈനിടുന്ന പണി പൂർത്തിയായ സാഹചര്യത്തിൽ പ്ലാന്റ് മറ്റൊരിടത്തേക്ക് മാറ്റിസ്ഥാപിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് അധികൃതർ.