കുടിവെള്ള പദ്ധതിക്കായി ആമയൂരിൽ സ്ഥാപിക്കുന്ന ജൽ ജീവൻ പദ്ധതിയുടെ തടസ്സംനീക്കാൻ ഗ്രാമപ്പഞ്ചായത്തിൽച്ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനമാകാതെ പിരിഞ്ഞു. എൻ.എം. കോയ പഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോൾ പദ്ധതിക്ക് കണ്ടെത്തിയ ഭൂമിക്കുപകരം കഴിഞ്ഞ ഭരണസമിതി മറ്റൊരു ഭൂമി കണ്ടെത്തിയതാണ് പ്രശ്‌നത്തിന് കാരണമെന്ന് സി.പി.എം. അംഗങ്ങൾ യോഗത്തിൽ പറഞ്ഞു.
പ്ലാന്റ് സ്ഥാപിക്കാൻ പുതിയ സ്ഥലം വാങ്ങുന്നതുസംബന്ധിച്ച് തീരുമാനമെടുത്ത യോഗം എൽ.ഡി.എഫ്. അംഗങ്ങളെ അറിയിച്ചില്ലെന്നുപറഞ്ഞ് അവർ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി.
പ്രദേശത്തുകാരുടെ ആശങ്ക പരിഹരിച്ച് പദ്ധതി നടപ്പാക്കണമെന്ന് പ്രതിപക്ഷ നേതാവ് ജസീർ കുരിക്കൾ ആവശ്യപ്പെട്ടു.
വിഷയം ചർച്ചചെയ്യാൻ ജലഅതോറിറ്റി ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തിൽ പ്രദേശവാസികളെ പങ്കെടുപ്പിച്ച് അടുത്തദിവസം യോഗംചേരുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് യു.കെ. മഞ്ജുഷ പറഞ്ഞു.